കര്‍ണാടക മന്ത്രിയുടെ പിഎ 14 ലക്ഷം രൂപയുമായി നിയമസഭയ്ക്കുള്ളില്‍ പിടിയില്‍

By Web TeamFirst Published Jan 5, 2019, 6:05 PM IST
Highlights

വിധാന്‍ സഭ കേന്ദ്രീകരിച്ച് വന്‍ മാഫിയയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, വിഷയം അത്ര പ്രധാന്യമില്ലാത്തതാണെന്ന തരത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്

ബംഗളൂരു: കര്‍ണാടകയിലെ പിന്നോക്ക ക്ഷേമ മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റിന്‍റെ പക്കല്‍ നിന്ന് രേഖകളിലാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു. കര്‍ണാടകയിലെ വിധാന്‍ സഭ (നിയമസഭ)യില്‍ നിന്ന് ഇന്ന് വെെകുന്നേരമാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. മന്ത്രി സി പുട്ടാരംഗ ഷെട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് മോഹനെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബാഗിലെ പണവുമായി സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്ന് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മോഹന്‍ പിടിക്കപ്പെട്ടത്. ഈ വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ണാടകയില്‍ അധികാരത്തിലുള്ള കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി ബിജെപി രംഗത്ത് വന്നു.

വിധാന്‍ സഭ കേന്ദ്രീകരിച്ച് വന്‍ മാഫിയയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രിയാണ് സി പുട്ടാരംഗ ഷെട്ടി. എന്നാല്‍, വിഷയം അത്ര പ്രധാന്യമില്ലാത്തതാണെന്ന തരത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്. സംഭവം പൊലീസ് അന്വേഷിക്കുകയാണ്.

ആദ്യം എന്തിനാണ് അത്രയും പണം കെെയില്‍ കരുതിയതെന്നുള്ള കാര്യം വ്യക്തമാകണം. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറഞ്ഞു. 

click me!