കാസര്‍കോട് ഇരട്ടക്കൊലക്കേസ്; കണ്ടെടുത്ത ആയുധങ്ങളിലും ദുരൂഹത, ഫോറന്‍സിക് റിപ്പോർട്ട് നിര്‍ണ്ണായകം

By Web TeamFirst Published Feb 21, 2019, 9:31 AM IST
Highlights

രണ്ട് പേരെ മാരകമായി കൊലപ്പെടുത്താൻ നാല് ഇരുമ്പ് ദണ്ഡുകളും ഒരു തുരുമ്പെടുത്ത വാളും മതിയോ ? നേരത്തെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്താത്തവർക്ക് വാടകക്കൊലയാളികൾ ആക്രമിക്കുന്ന അതേ രീതിൽ വെട്ടിക്കൊല്ലാൻ സാധിക്കുമോ ? തുടങ്ങി ചോദ്യങ്ങൾ ഒരുപാടുണ്ട്. 

കാസര്‍ഗോഡ്: കാസർകോട്ടെ ഇരട്ടകൊലപാതകത്തിൽ ദുരൂഹത വർധിപ്പിച്ച് കണ്ടെടുത്ത ആയുധങ്ങളും. ഇത്ര ഭീകരമായ മുറിവുകളുണ്ടാക്കാൻ കണ്ടെടുത്ത ആയുധങ്ങൾ മാത്രം മതിയോ എന്ന സംശയം ബലപ്പെടുകയാണ്.

കൊലപാതക ആസൂത്രണം മുതൽ കൃത്യം നിർവഹിക്കുന്നത് വരെ തങ്ങൾ മാത്രമെ പങ്കെടുത്തിട്ടുള്ളൂവെന്നാണ് കസ്റ്റഡിയിലുള്ളവർ ആവർത്തിക്കുന്നത്. ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തിയതും പിന്നീട് വെട്ടിയതും താനാണെന്ന് മുഖ്യ പ്രതി പീതാംബൻ പറയുന്നു. ഉപയോഗിച്ചത് നാല് ഇരുമ്പു ദണ്ഡുകളും പിടിയില്ലാത്തതും തുരുമ്പെടുത്തതുമായ വടിവാളുമാണെന്നാണ് പറയുന്നത്. 

ശരത് ലാലിന്റെ കഴുത്തിൽ 23 സെന്റീമീറ്റർ നീളത്തിലുള്ളതടക്കം ദേഹത്താകെ 20 മുറിവുകളുണ്ട്. കൃപേഷിന്റെ മൂർത്ഥാവ് 13 സെന്റീമീറ്റർ നീളത്തിൽ പിളർന്നു. ഇത്രയും ക്രൂരമായി മുറിവേൽപ്പിക്കാൻ ഈ ആയുധങ്ങൾ മതിയോ എന്നാണ് സംശയം. കൃത്യം നടന്ന സ്ഥലത്ത് നിന്ന് മാറി റബ്ബർ തോട്ടത്തിലെ പൊട്ടകിണറ്റിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. വെള്ളമില്ലാത്ത കിണറിൽ നിന്ന് കണ്ടെത്തിയ വടിവാൾ തുരുമ്പെടുത്ത നിലയിലാണ്. അതും സംഭവം നടന്ന് രണ്ട് ദിവസത്തിനകം. 

ഒരേസമയം ഒരേ ഇടത്ത് വച്ചാണ് രണ്ട് യുവാക്കള്‍ക്കും വെട്ടേൽക്കുന്നത്. ഒന്നിൽ കൂടുതൽ ആയുധങ്ങളില്ലാതെ ഇത് എങ്ങനെ സാധ്യമാകും. രണ്ട് പേരെ മാരകമായി കൊലപ്പെടുത്താൻ നാല് ഇരുമ്പ് ദണ്ഡുകളും ഒരു തുരുമ്പെടുത്ത വാളും മതിയോ എന്ന സംശയമാണ് ഉന്നയിക്കുന്നത്. നേരത്തെ ഇത്തരം കുറ്റകൃത്യങ്ങൾ നടത്താത്തവർക്ക് വാടകക്കൊലയാളികൾ ആക്രമിക്കുന്ന അതേ രീതിൽ വെട്ടിക്കൊല്ലാൻ സാധിക്കുമോ തുടങ്ങി ചോദ്യങ്ങൾ ഒരുപാടുണ്ട്. ആയുധത്തിലെ രക്തക്കറ അടക്കമുള്ള ഫോറന്‍സിക് റിപ്പോർട്ട് അന്വേഷണത്തിൽ നിര്‍ണായകമാകുക.
 

click me!