ലേക് പാലസിന്‍റെ പിഴ ഇതുവരെയുളള നികുതി മാത്രമെന്ന് നഗരസഭ; രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് റിസോട്ട്

By Web TeamFirst Published Feb 21, 2019, 9:00 AM IST
Highlights

കെട്ടിടം ക്രമപ്പെടുത്താന്‍ മതിയായ രേഖകള്‍ വേണം. ഈ രേഖകള്‍ കാണാതായെന്നാണ് ഏഷ്യാനെറ്റ്ന്യൂസിന് തന്ന വിവരാവകാശ മറുപടി. എന്നാല്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാന്‍ കഴിയുന്നില്ലെങ്കില്‍ കെട്ടിടം പൊളിച്ച് നീക്കാം

ആലപ്പുഴ: ലേക് പാലസ് റിസോ‍ട്ടിന് മേൽ ചുമത്തിയ 2.73 കോടി രൂപ ഇതുവരെയുള്ള നികുതിയും അതിന്‍റെ പിഴയും മാത്രമെന്ന് നഗരസഭ. അനധികൃത കെട്ടിടം ക്രമപ്പെടുത്തണമെങ്കില്‍ മതിയായ രേഖകള്‍ ഹാജരാക്കണം. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ അനധികൃത കെട്ടിടങ്ങള്‍ നഗരസഭയ്ക്ക് പൊളിച്ച് നീക്കാം.

അനധികൃത കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന് രണ്ട് നടപടികളാണ് ലേക്പാലസ് റിസോര്‍ട്ട് ഇപ്പോള്‍ നേരിടുന്നത്. കേരളാ മുനിസിപ്പല്‍ ആക്ട് 242 പ്രകാരം ഇത്രയും കാലത്തെ നികുതിയും അതിനുള്ള പിഴയും അടക്കം 2.73 കോടി രൂപ നഗരസഭയിലടക്കണം. കേരളാ മുനിസിപ്പല്‍ ആക്ട് 406 പ്രകാരമുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. അതായത് അനധികൃത കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനഞ്ച് ദിവസത്തിനകം പൊളിച്ച് നീക്കുകയോ കെട്ടിടങ്ങള്‍ ക്രമപ്പെടുത്താന്‍ അപേക്ഷ നല്‍കുകയോ വേണം. 

ലേക് പാലസ് റിസോര്‍ട്ട് ക്രമപ്പെടുത്താനുള്ള അപേക്ഷ കൊടുത്തതോടെ മതിയായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സമയം വേണമെന്നായിരുന്നു മറുപടി. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത പരമ്പരയ്ക്കിടെ ഏഷ്യാനെറ്റ്ന്യൂസ് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് രേഖകള്‍ കാണാനില്ല എന്നായിരുന്നു നഗരസഭയുടെ മറുപടി. 

ഈ രേഖകള്‍ ഇതുവരെ ലേക്പാലസ് റിസോര്‍ട്ടിന് ഹാജരാക്കിയില്ല. അനുവാദം വാങ്ങാതെയുള്ള നിര്‍മ്മാണമാണെങ്കില്‍ ഭീമമായ പിഴയടച്ച് ക്രമപ്പെടുത്താന്‍ വഴികളുണ്ട്. പക്ഷേ റവന്യൂ രേഖകളില്‍ കെട്ടിടം പണിയാന്‍ കഴിയാത്ത സ്ഥലത്താണ് കെട്ടിടമെങ്കില്‍ അത് ക്രമപ്പെടുത്താനാവില്ല. 2008 ന് മുമ്പ് നികത്തിയെടുത്ത സ്ഥലത്താണ് റിസോര്‍ട്ടെങ്കില്‍ രക്ഷപ്പെടാമായിരുന്നു. 

പക്ഷേ അനുവാദമില്ലാതെ കെട്ടിടനമ്പര്‍ പോലുമില്ലാതയുള്ള 10 കെട്ടിടങ്ങളും നിര്‍മ്മിച്ചത് 2010 ന് ശേഷമായിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കരുവേലി പാടശേഖരത്തിന്‍റെ ഭാഗമായ സ്ഥലത്താണ് നിര്‍മ്മാണം. നഗരസഭയില്‍ നിന്ന് രേകഖള്‍ കാണാതായതും ഇപ്പോള്‍ ലേക് പാലസ് റിസോര്‍ട്ട് അത് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
 

click me!