കത്വ പീഡനം: പെണ്‍കുട്ടിയെ അപമാനിച്ച ബാങ്ക് മാനേജര്‍ക്കെതിരായ പ്രതിഷേധം കൊടാക് ബാങ്കിന്‍റെ ഒഫീഷ്യല്‍ പേജില്‍

By Web DeskFirst Published Apr 13, 2018, 2:48 PM IST
Highlights
  • കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച സംഭവം
  • പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ
  •  പ്രതിഷേധം കൊടാക് ബാങ്കിന്‍റെ ഒഫീഷ്യല്‍ പേജില്‍

കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊന്നൊടുക്കിയ സംഭവത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയും രംഗത്തെത്തിയ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. 

കൊടക് മഹീന്ദ്ര ബാങ്കില്‍ അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുന്ന വിഷ്ണു നന്ദകുമാറാണ് കാശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ നല്‍കിയത്. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയ പ്രതികരിച്ചത് വിഷ്ണു ജോലി ചെയ്യുന്ന കൊടാക് മഹീന്ദ്ര ബാങ്കിന്‍റെ ഫേസ്ബുക്ക് പേജില്‍ കമന്‍റിട്ടും പേജിന്‍റെ ലൈക്ക് ഇടിച്ചുമാണ്. 

ഇതോടൊപ്പം #Dismiss_Ur_manager_vishnunandakumar എന്ന ഹാഷ്‍ടാഗും നല്‍കിയാണ് പ്രതിഷേധം വ്യാപിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ചുള്ളതായിരുന്നു വിഷ്ണുവിന്‍റെ പോസ്റ്റ്. പെണ്‍കുട്ടിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യക്കെതിരെ നാളെ ബോംബ എറിയുമായിരുന്നുവെന്നും ഇയാള്‍ പോസ്റ്റില്‍ കുറിച്ചത്. 

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


 

click me!