
കോഴിക്കോട്:പി.വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കിയേക്കില്ല. ജലസംഭരണി തകര്‍ന്നതാണ് കട്ടിപ്പാറ ഉരുള്‍പൊട്ടലിന്‍റെ വ്യാപ്തി കൂട്ടിയത് എന്നാണ് ജിയോളജി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ശാസ്ത്രീയ പരിശോധന ആരംഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം മനസിലാവു. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ക്കിന് കിട്ടിയ താല്‍ക്കാലിക ലൈസന്‍സിന്‍റെ കാലാവധി മുപ്പതിന് അവസാനിക്കും. പത്ത് ദിവസം മാത്രം ശേഷിക്കേ കരുതലോടെ നീങ്ങിയാല്‍ മതിയെന്ന നിലപാടിലാണ് കൂടരഞ്ഞി പഞ്ചായത്ത്. പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അഥോറിറ്റിയുടെ നിലപാട് നിര്‍ണ്ണായകമാണ്. മാത്രമല്ല റവന്യൂവകുപ്പ് പാര്‍ക്കിന് സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയുമാണ്.
പരിശോധനക്ക് നിയോഗിച്ച സിഡബ്ല്യൂആര്‍ഡിഎം, ജിയോളജി വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധര്‍ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിലാണ്. പാര്‍ക്കില്‍ നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അന്‍വര്‍ എംഎല്‍എയായതുകൊണ്ടാണ് വിവാദമുയര്‍ന്നതെന്ന് ന്യായീകരണവും. ഇതിനിടെ കരിഞ്ചോലമലയുടെ മുകളിലുണ്ടായിരുന്ന പത്ത് ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളാവുന്ന സംഭരണി തകര്‍ന്നാണ് ഉരുള്‍പൊട്ടലിന്‍റെ ആക്കം കൂട്ടിയതെന്ന പ്രാഥമിക വിലയിരുത്തലിലാണ് ജിയോളജി വകുപ്പ്. വിവിധ വകുപ്പുകളുടെ വിശദമായ പരിശോധന നാളെ തുടങ്ങും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam