
ശബരിമല: ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമം നടത്തിയവരിൽ ഒരാളായ കവിത ജാക്കൽ. അമ്പത് വയസ്സിന് താഴെയുള്ള, ശബരിമലയിൽ കയറാനെത്തിയ മൂന്നു സ്ത്രീകളില്‍ ഒരാളായിരുന്നു കവിത. പതിനെട്ടാം പടിയിലേക്കെത്താൻ പത്ത് മിനിറ്റ് അവശേഷിക്കെ പ്രതിഷേധം മൂലം ഇവർക്ക് തിരികെ പോരേണ്ടി വന്നു. മാത്രമല്ല, സ്ത്രീകൾ പ്രവേശിച്ചാൽ നട അടയ്ക്കുമെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം. എന്തായാലും സുപ്രീം കോടതിയുടെ ചരിത്ര വിധിയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് കവിത പറയുന്നു.
വളരെ അപകടകരമായ അവസ്ഥയാണ് ഇപ്പോൾ ശബരിമലയിൽ നിലനിൽക്കുന്നത്. ഇവിടെയെത്തുന്ന സ്ത്രീകൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് എസ് പി ശ്രീജിത്ത് ഉറപ്പു നൽകിയിരുന്നു. ഹൈദരാബാദിലെ മോജോ ടിവിയിലെ മാധ്യമപ്രവർത്തകയാണ് കവിത ജാക്കൽ. ബുള്ളറ്റ് പ്രൂഫും ഹെൽമെറ്റും ധരിച്ച് മൂന്നൂറിലധികം പൊലീസുകാരുടെ സംരക്ഷണത്തിലാണ് കവിത മല കയറാൻ ഒരുങ്ങിയത്. പമ്പയിൽ നിന്നും സന്നിധാനം വരെ നടന്നാണ് പോയത്. അയ്യപ്പദർശനം നടത്താതെ തിരികെയെത്തില്ലെന്ന് കവിത മുമ്പ് പ്രഖ്യാപിച്ചിരുന്നു.
അവിടെയെത്തുന്ന ഭക്തർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് ദേവസ്വം മന്ത്രിയും ഉറപ്പ് നൽകി. അമ്പത് വയസ്സിന് താഴെയും പത്ത് വയസ്സിന് മുകളിലും ഉള്ള സ്ത്രീകൾക്ക് ശബരിമല ചവിട്ടാൻ അനുവാദമില്ലായിരുന്നു. കഴിഞ്ഞ ദിവസമാണ് ചരിത്ര വിധിയിലൂടെ ഈ തീരുമാനത്തെ സുപ്രീം കോടതി മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam