
ആലപ്പുഴ: ബസിന്‍റെ തകരാർ നീക്കുന്നതിനിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് കായംകുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കായംകുളം സ്വദേശി ഗിരിപ്രകാശാണ് (23) മരിച്ചത്. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ബസ് ജാക്കി വെച്ച് ഉയർത്തിയ ശേഷം അടിയിൽ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരാണ് ഇരുവരും.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശ്വിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരിപ്രകാശ് 2013ൽ കായംകുളം കായലിൽ കക്ക വാരുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. കൂലിപ്പണിക്കാരനായ പ്രകാശിനും വീട്ടമ്മയായ ലതികയ്ക്കും രണ്ട് മക്കളെയും നഷ്ടപ്പെട്ടതിന്റെ കടുത്ത ദുഃഖത്തിലാണ് നാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam