
കീഴാറ്റൂര്‍: കീഴാറ്റൂരില്‍ അന്തിമ വിജ്ഞാപനമിറങ്ങിയതിന് പിറകില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദമെന്ന് സമരസമിതി. ശബരിമലയിലെ വിവാദങ്ങള്‍ക്കിടയിലൂടെ പദ്ധതി നടപ്പാക്കിയെടുക്കാനാണ് ശ്രമമെന്നും ആരോപണം. നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാത്തതിനാല്‍ ബിജെപിയെ തുടര്‍ന്നുള്ള സമരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം മരവിപ്പിച്ചുവെന്ന ഉറപ്പ് നിലനില്‍ക്കെ, സൂചന പോലുമില്ലാതെ അന്തിമ വിജ്ഞാപനവും ഇറങ്ങിയതോടെ സമരസമിതി പാടെ അമ്പരന്നു. സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ കാര്യത്തില്‍ പുനര്‍വിചിന്തനമുണ്ടാകുമെന്ന പ്രതീക്ഷയും തെറ്റി. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടെത്തുന്ന ആരെയും ഇനി സമരത്തിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്ന തിരിച്ചറിവിലും തീരുമാനത്തിലും സമരസമിതി എത്തിക്കഴിഞ്ഞു. ബിജെപിയുടെ സഹകരണത്തെച്ചൊല്ലി മുന്‍പും സമരസമിതിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി രേഖകള്‍ ഹാജരാക്കാന്‍ കിഴാറ്റൂരില്‍ നല്‍കിയിരിക്കുന്ന സമയം ജനുവരി പതിനൊന്നാണ്. സമരവും സിപിഎമ്മുമായുള്ള ബലാബലവും നിലനില്‍ക്കെ അന്ന് ആരൊക്കെ ഇതിനായി എത്തുമെന്നത് നിര്‍ണായകമാണ്. നിരാഹാര സമരമടക്കമുള്ള മാര്‍ഗങ്ങളാണ് സമരസമിതി ആലോചിക്കുന്നത്. ഇത് രണ്ട് ദിവസത്തിനകം തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam