
പാലക്കാട്: പി.കെ ശശിക്കെതിരായ പാർട്ടി നടപടി ഇന്ന് പാലക്കാട്ട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്യും. പാലക്കാട്ടെ വിഭാഗീയ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാനുളള പാർട്ടി കമ്മീഷനെക്കുറിച്ചും ഇന്ന് തീരുമാനമായേക്കും. ഷൊര്‍ണൂര്‍ എംഎൽഎ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ പാർട്ടി വിഭാഗീയതയെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ.
നേരത്തെ വി എസ് പക്ഷത്തുണ്ടായിരുന്ന പലരും ശശിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് നേതാക്കളുടെ ആരോപണം. പാലക്കാട് ഘടകത്തിൽ ഇപ്പോഴും വിഭാഗീയത നിലനിൽക്കുന്നുവെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിഭാഗീയ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ പാർട്ടി നീക്കമിടുന്നത്.
ഒറ്റപ്പാലം, ചെർപ്പുളശേരി, പുതുശ്ശേരി പ്രദേശത്തെ ചില മുതിർന്ന നേതാക്കൾ പ്രവർത്തകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കിയെന്ന് ശശിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇതിന്‍റെ ഭാഗമായാണ് ലൈംഗിക പീഡന പരാതി ഉയർന്നുവന്നതെന്നും പുതുശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലാണ് ഗൂഡാലോചന നടന്നതെന്നും പി കെ ശശി അന്വേഷണ കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്.
ജില്ല കമ്മിറ്റി അംഗങ്ങളിലേക്ക് വരെ ആരോപണം നീളുന്നുമുണ്ട്. നടപടി റിപ്പോർട്ട് ചെയ്യാനെത്തുന്ന കോടിയേരി ബാലകൃഷ്ണൻ , ജില്ലാ സെക്രട്ടേറിയേറ്റിലും ജില്ലാ കമ്മറ്റിയിലും പങ്കെടുക്കും. ആരോപണങ്ങളെക്കുറിച്ചും സംസ്ഥാന നേതൃത്വത്തിന്‍റെ നിഗമനങ്ങളെക്കുറിച്ചും കോടിയേരി വിശദീകരിക്കും. വിഭാഗീയ പ്രവർത്തനങ്ങളന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെയാണ് നിയോഗിക്കുകയെന്നാണ് സൂചന. പി കെ ശശി ഉന്നയിച്ച ഗൂഡാലോചന പരാതിയും അടുത്ത ഘട്ടത്തിൽ ഈ കമ്മീഷന് വിട്ടേക്കും. നിലവിൽ ശശിയുടെ ആരോപണങ്ങളും കമ്മീഷന് നൽകിയ മൊഴികളും പാർട്ടി നേതൃത്വം പരിശോധിച്ച ശേഷമാകും തുടർനടപടികളെക്കുറിച്ച് തീരുമാനമെടുക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam