
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് അന്വേഷണം ഏറ്റെടുക്കാന്‍ പറ്റില്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിന്റെ പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചു.
പാറശ്ശാല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കസ്റ്റഡി മരണം സംബന്ധിച്ച കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജീവിന്റെ കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന ഗണത്തില്‍ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത്.
ശ്രീജീവിന്റെ മരണത്തില്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതുകൊണ്ടാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി കത്തില്‍ ചൂണ്ടിക്കാട്ടി. കേസ് സംസ്ഥാന പോലീസ് അന്വേഷിക്കുന്നതില്‍ ശ്രീജീവിന്റെ കുടുംബത്തിന് അതൃപ്തിയുണ്ട്. മാത്രമല്ല, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജീവിന്റെ സഹോദരന്‍ രണ്ടു വര്‍ഷമായി ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരത്തിലുമാണ്. അതിനാല്‍ കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam