
കോഴിക്കോട്: വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള സൗജന്യ റേഷൻ വിതരണത്തിൽ അവ്യക്തത. ദുരിതബാധിത പ്രദേശങ്ങൾ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിൽ പൊതുവിതരണ വകുപ്പിന് വ്യക്തതയില്ല. മതിയായ അരി എത്തിക്കാതെ സൗജന്യ റേഷൻ വിതരണം തുടങ്ങാൻ നിർദ്ദേശം നൽകിയത് വ്യാപാരികളെയും കുഴപ്പിക്കുന്നു.
കേരളത്തിലെ 11 ജില്ലകളിലെ എല്ലാ റേഷൻ കടകൾ വഴിയും സൗജന്യ അരി നൽകാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്. എല്ലാ വിഭാഗക്കാർക്കും കാർഡ് ഒന്നിന് അഞ്ച് കിലോ അരി. ഓഗസ്റ്റ് മാസത്തിലെ റേഷനൊപ്പം അരി വിതരണം ചെയ്യാൻ ഇ പോസ് മെഷീനുകളിൽ മാറ്റങ്ങളും വരുത്തി. പക്ഷെ സംസ്ഥാനത്തെ മിക്ക റേഷൻ കടകളിലും മതിയായ അരി സ്റ്റോക്കില്ലായിരുന്നു. കുട്ടനാട്, ചെങ്ങന്നൂർ, ആലുവ എന്നിവിടങ്ങളിലെ മിക്ക റേഷൻ കടകളിലും വെള്ളം കയറി ഭക്ഷ്യവസ്തുക്കൾ പൂർണ്ണമായും നശിച്ചിരുന്നു. ഇതോടെ സർക്കാർ പറയുന്ന സെപ്റ്റംബർ എട്ടാം തീയതിക്കുള്ളിൽ സൗജന്യ അരി വിതരണം പൂർത്തിയാക്കാനാകില്ല.
റവന്യൂ വകുപ്പ് നിശ്ചയിക്കുന്ന വില്ലേജുകൾ മാത്രം ദുരിതബാധിതമായി കണ്ട് സൗജന്യ അരി നൽകിയാൽ മതിയെന്ന രണ്ടാമത്തെ ഉത്തരവ് കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാക്കി. കോഴിക്കോട് ജില്ലയിൽ ഇപ്പോൾ താമരശ്ശേരി താലൂക്ക് മാത്രമാണ് ദുരിതബാധിതമേഖല. മഴക്കെടുതി അനുഭവിച്ച കൊയിലാണ്ടി, കോഴിക്കോട്, വടകര താലൂക്കുകളിൽ സൗജന്യ അരി വിതരണം നിർത്തി. മറ്റ് ജില്ലകളിലും ഇതേ അവ്യക്തതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam