
കൊച്ചി: കാലടി സംസ്‌കൃത സര്‍വ്വകലാശാലാ കോളെജ് ഹോസ്റ്റലില്‍ കുടുങ്ങിയ നാനൂറിലേറെ വിദ്യാര്‍ഥികളെ ഇതുവരെ പുറത്തെത്തിക്കാനായില്ല. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗവേഷണ വിദ്യാര്‍ഥികളുടെയും ഹോസ്റ്റലുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയുടെ യൂട്ടിലിറ്റി സെന്‍ററിലേക്ക് മാറ്റിയ വിദ്യാര്‍ഥികളാണ് രാത്രിയാകുമ്പോഴും കുടുങ്ങിക്കിടക്കുന്നത്.
ചുറ്റുമുള്ള റോഡുകളെല്ലാം വെള്ളം കയറി ഒറ്റപ്പെട്ട അവസ്ഥയിലാണ് കാലടി സര്‍വ്വകലാശാലാ ക്യാമ്പസും യൂട്ടിലിറ്റി സെന്‍ററും. നേരത്തേ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ഒരു ബോട്ട് ഇവിടേയ്ക്ക് ട്രയല്‍ റണ്‍ നടത്തിയിരുന്നു. എട്ട് പേര്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന ബോട്ടാണ് എത്തിയത്. ട്രയല്‍ റണ്ണിന് ശേഷം കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാമെന്നായിരുന്നു ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമിന്റെ കണക്കുകൂട്ടലെങ്കിലും പുറത്തെ ശക്തമായ ഒഴുക്ക് ഇതിന് തടസമായി.
ഗര്‍ഭിണികളായ രണ്ടുപേരും രോഗികളുമൊക്കെയുണ്ട് വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍. വിദ്യാര്‍ഥികള്‍ ഇപ്പോഴുള്ള യൂട്ടിലിറ്റി സെന്റര്‍ കെട്ടിടത്തിന് മൂന്ന് നിലകളാണുള്ളത്. ആദ്യത്തെ നിലയിലേക്ക് ഇന്നത്തെ കനത്ത മഴയില്‍ വെള്ളം കയറിത്തുടങ്ങുന്ന അവസ്ഥയിലാണ്. രണ്ടാംനിലയിലാണ് ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്ളത്. വിദ്യാര്‍ഥികളുടെ അവസ്ഥയെ കുറിച്ച് അവരുമായി അവസാനമായി സംസാരച്ച ഒരാളുടെ ഫേസ്ബു്ക്ക് കുറിപ്പാണിത്.
കാലടി കാമ്പസിലെ യൂട്ടിലിറ്റി സെന്‍ററിൽ കഴിയുന്ന ജയശ്രീ ശ്രീനിവാസനെ കോണ്ടാക്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് ഇപ്പോ. ( 5.45 pm). മുൻപേ കുറച്ചു പേരെ ബോട്ടുകളിൽ കൊണ്ടുപോയതൊഴികെ ഒരു രക്ഷാപ്രവർത്തനവും അവിടെ ഇപ്പോൾ നടക്കുന്നില്ല.
പ്രദേശവാസികൾ ( ഗർഭിണികൾ, കൊച്ചു കുഞ്ഞുങ്ങൾ, പ്രായമായവർ) ,വിദ്യാർത്ഥികൾ ഉൾപ്പടെ 400 ഓളം പേരിവിടെയുണ്ട്. സമീപത്തെ വെള്ളത്തിൽ മുങ്ങിയ കടകൾ ( മെഡിക്കൽ സ്റ്റോറുൾപ്പെടെ ) കുത്തിത്തുറന്ന് അവർ ശേഖരിച്ച അവശ്യവസ്തുക്കൾ മാത്രമാണ് കയ്യിലുള്ളത്..
രാത്രിയാവുകയാണ്, ഇരുട്ടാവുകയാണ്.. മിക്കവരുടെയും ഫോൺ ഓഫ് ആണ്. അവരെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ആർക്കാണ് ഒന്ന് ഇടപെടാനാവുക? അവശ്യ വസ്തുക്കളെങ്കിലും അടിയന്തിരമായി എത്തിച്ചു കൊടുക്കാൻ ഇടപെടാനാകുമോ ആർക്കെങ്കിലും??
NB: ഇവർ പുറത്തെത്തിയെന്ന വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിൽ പച്ചക്കള്ളമാണ് എന്നറിയിക്കാൻ, അത്തരം മെസ്സേജുകളെല്ലാം ഫേക്ക് ആണെന്നും ഇപ്പോഴും അതേ മൂന്നാം നിലയിലാണെന്നും അറിയിക്കാൻ അവർ എടുത്തു പറഞ്ഞിട്ടുണ്ട്.. still they are struggling..
കുടുങ്ങിക്കിടക്കുന്നവരുടെ അവസ്ഥ കൂടുതല്‍ ദുസഹമാവുകയാണ്. യാതൊരു സംവിധാനവുമില്ലാത്ത യൂട്ടിലിറ്റി സെന്‍ററില്‍ കഴിച്ചു കൂട്ടേണ്ട അവസ്ഥയിലാണിവര്‍. നാനൂറിലധികം വിദ്യാര്‍ഥികളും ചില പ്രദേശവാസികളുമടക്കം ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. വെള്ളത്തില്‍ മുങ്ങിയ കടകളും മെഡിക്കല്‍ സ്റ്റോറും കുത്തിത്തുറന്ന് ശേഖരിച്ച അവശ്യ വസ്തുക്കള്‍ മാത്രമാണ് ഇപ്പോള്‍ അവരുടെ കയ്യിലുള്ളത്. ആവശ്യമായ അവശ്യവസ്തുക്കളെങ്കിലും എത്തിച്ച് കൊടുക്കാനാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥകളില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിച്ചത്
അഖില്‍- "ഒരു ബോട്ട് വന്നിരുന്നു ഞങ്ങളെ ഷിഫ്റ്റ് ചെയ്യാന്‍. പക്ഷേ അത് വണ്ടത്ര വലിപ്പമുള്ള ബോട്ട് ആയിരുന്നില്ല. ഇത്രയും പേരെ ഷിഫ്റ്റ് ചെയ്യാന്‍ പറ്റില്ല. ആകെ 400 വിദ്യാര്‍ഥികളുണ്ട് ഇവിടെ. അതില്‍ മുന്നൂറിലധികം പെണ്‍കുട്ടികളാണ്. നിലവില്‍ യാത്രാസൗകര്യങ്ങള്‍ ഒന്നുമില്ല. ഞങ്ങളിപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് മാര്‍ഗ്ഗം സഞ്ചരിക്കാന്‍ പറ്റില്ല. ബോട്ടിലേ സഞ്ചരിക്കാന്‍ പറ്റൂ. നേവിയെയും മറ്റും അറിയിച്ചിട്ടുണ്ട്. പക്ഷേ ആരും എത്തിയിട്ടില്ല.
രക്ഷാപ്രവര്‍ത്തനം പല സ്ഥലങ്ങളിലായി നടക്കുന്നതുകൊണ്ട് എത്താന്‍ താമസിക്കുമെന്നാണ് കിട്ടിയ അറിയിപ്പ്. എന്നാലും എത്രയും പെട്ടെന്ന് എത്താമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. കൂട്ടത്തില്‍ ഒരു കുട്ടിക്ക് ശന്നി വന്നു. മോശമാണ് അവസ്ഥ. സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ഇനിയും മഴ തുടര്‍ന്നാല്‍ ഇവിടെ തുടരുക അപകടകരമാണ്. ഒന്നാംനിലയിലേക്ക് വെള്ളം കയറാന്‍ തുടങ്ങുകയാണ്. കുട്ടികളെല്ലാം ഇപ്പോള്‍ രണ്ടാംനിലയിലാണ് ഉള്ളത്. ഇന്ന് രാവിലെ മുതലാണ് യൂണിവേഴ്‌സിറ്റി ഒറ്റപ്പെട്ട അവസ്ഥയിലെത്തിയത്."
ആതിര- "ഹോസ്റ്റലുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് യൂട്ടിലിറ്റി സെന്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു ഞങ്ങളെ. ഇന്നലെ വൈകുന്നേരത്തോടെ ബോയ്‌സ് ഹോസ്റ്റല്‍ മുങ്ങിയിരുന്നു. രാത്രി ഒന്നരയോടെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും വെള്ളം കയറിത്തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിയോടെ ഗവേഷണ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക് മാറ്റി. അവിടെയും വെള്ളം കയറിയതോടെയാണ് ഇപ്പോള്‍ യൂട്ടിലിറ്റി സെന്റിലേക്ക് മാറ്റിയിരിക്കുന്നത്. മഴ നില്‍ക്കുന്നില്ല. കാലടി പാലം മുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാനും തടസ്സങ്ങളുണ്ട്. കുട്ടികള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നത്. "
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam