
പാലക്കാട്: ഉരുൾപൊട്ടി തീർത്തും ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലേക്ക് അടിയന്തിര വൈദ്യസഹായമെത്തിക്കാൻ ഇന്ന് ഹെലികോപ്റ്റർ എത്തും. നെന്മാറയിലെ അവൈറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് ഹെലികോപ്റ്ററും വൈദ്യസഹായവുമായി നെല്ലിയാമ്പതിയിലെത്തുന്നത്. പൂർണ ഗർഭിണികൾ ഉൾപ്പെടെ 3000ലേറെ പേരാണ് നെല്ലിയാമ്പതിയിൽ അവശ്യ മരുന്നുപോലുമില്ലാതെ കഴിച്ചുകൂട്ടുന്നത്.
തോട്ടം മേഖലയായ നെല്ലിയാമ്പതിയിലേക്കുളള ഒരേഒരു വഴി ഉരുൾപൊട്ടി തകർന്നതോടെ കാൽനടയാത്രപോലും സാധ്യമല്ലാത്ത അവസ്ഥ. നെല്ലിയാമ്പതിയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായത് 70 ഇടങ്ങളിൽ. അവശ്യമരുന്നുപോലുമില്ലാതെ പൂർണ ഗർഭിണികളും രോഗികളും. വൈദ്യുതി- ടെലിഫോൺ ബന്ധങ്ങൾ തകർന്നതോടെ ഈ വിവരങ്ങൾ പുറംലോകമറിയാനും വൈകി. ഭക്ഷണം തീർന്നുപോകുമെന്ന അവസ്ഥവന്നതോടെയാണ് ദ്രുതകർമ്മ സേനയുടെ നേതൃത്വത്തിൽ പൊലീസും സനദ്ധ പ്രവർത്തകരും തലച്ചുമടായി നെല്ലിയാമ്പതിയിലേക്ക് നടന്നത്.
അവശ്യ സേവനമെത്തിക്കാൻ 8 മണിക്കൂറെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്റ്ററിൽ വൈദ്യസഹായമെത്തിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നെന്മാറയിലെ അവൈറ്റിസ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്നുളള മെഡിക്കൽ സംഘം രാവിലെ 10 മണിയോടെ നെല്ലിയാമ്പതിയിലേക്ക് തിരിക്കും. അടിയന്തിര സഹായം വേണ്ടവരെ നെന്മാറയിലെ ആശുപത്രിയിലെത്തിക്കും. രാവിലെ നെന്മാറയിൽ നിന്ന് പുറപെട്ട ദൗത്യസംഘം വൈകുന്നേരത്തോടെ നെല്ലിയാമ്പതിയിലെത്തി. തകർന്ന പാത നന്നാക്കി കാൽനടയാത്രക്കെങ്കിലും അനുയോജ്യമാക്കാനുളള പ്രവർത്തികൾ പുരോഗമിക്കുകയാണ്.പലയിടത്തും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നു. നെല്ലിയാമ്പതിയിലേക്കുളള വാഹനഗതാഗതം സാധാരണമാകണമെങ്കിൽ മാസങ്ങളെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam