
കൊച്ചി: മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ അതൃപ്തിയെന്ന് സംസ്ഥാനസർക്കാർ. അപകടം ഉണ്ടാക്കിയ കപ്പൽ തിരിച്ചെത്തിക്കാൻ ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിമർശിച്ചു. കാണാതായവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ മുങ്ങൽ വിദഗ്ധരെ നാവികസേന വിട്ട് തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മലയാളികളടക്കം ഒമ്പത് പേരെ കണ്ടെത്താൻ നേവി കോസ്റ്റ് ഗാർഡ് എന്നീ സേനകളുടെ അഞ്ച് കപ്പലുകളാണ് കഴിഞ്ഞ രണ്ട് ദിവസമായി കടലിൽ പരിശോധന നടത്തിയത്.
എന്നാൽ ഒരു തുമ്പും കിട്ടിയിട്ടില്ല, മാത്രമല്ല കപ്പൽ കരയ്ക്കെത്തിച്ച് നടപടികൾ സ്വീകരിക്കുന്നതിലും വീഴ്ച വന്നു. ഈ ഈ സാഹചര്യത്തിലാണ് മന്ത്രി ഇപ്പോഴത്തെ പരിശോധനയിലും അന്വേഷണത്തിലുമുള്ള അതൃപ്തി വ്യക്തമാക്കിയത്. വിവിധ സേന വിഭാഗങ്ങളെ പങ്കെടുപ്പിച്ചുള്ള അവലോകന യോഗവും മന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്നു. നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴസ് മെന്‍റ് എന്നി വിഭാഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. ഒരാഴ്ച കൂടി തിരച്ചിൽ നടത്താമെന്ന് സേനാവിഭാഗങ്ങൾ അറിയിച്ചു.
എന്നാൽ, ഇപ്പോഴത്തെ രീതിയിലുള്ള പരിശോധന പോരെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. പ്രത്യേക പരിശീലനം നേടിയവർ വേണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. അപകടം ഉണ്ടാക്കിയെന്ന് കരുതുന്ന കപ്പൽ പരിശോധന നടത്തുന്ന സംഘത്തിൽ അണ്ടർ വാട്ടർ സർവയർമാരെകൂടി ഉൾപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam