ശബരിമല വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ല; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

By Web TeamFirst Published Feb 6, 2019, 1:46 PM IST
Highlights

ശബരിമലയിൽ നിലനിന്നത് ഭരണഘടനാ വിരുദ്ധമായ ഒരു ആചാരം ആയിരുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള കടമ സുപ്രീം കോടതിക്കും സർക്കാരിനുമുണ്ട്. അതിനായി സുപ്രീം കോടതി വിധി നിലനിൽക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ.

ദില്ലി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ഒരു വിധത്തിലും പുനഃപരിശോധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. പുനഃപരിശോധനാ ഹർജികളെ സർക്കാർ അതിശക്തമായി എതിർത്തു. ഭരണഘടനാപരമായ അവകാശങ്ങളാണ് പരമപ്രധാനം. ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതാണ്. അതുകൊണ്ട് ആ വിധി നിലനിൽക്കണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ ജയദീപ് ഗുപ്ത സുപ്രീം കോടതിയുടെ വിധി തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചു. വിധിയിലെ ഓരോ പരാമർശമായി എടുത്ത് അദ്ദേഹം വിധിയിൽ സംസ്ഥാന സർക്കാരിനുള്ള പിന്തുണ അറിയിച്ചു. അയ്യപ്പവിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. യുവതികളെ വിലക്കുന്നത് ഹിന്ദുമതത്തിൽ അനിവാര്യമായ ആചാരമല്ല. ഒരു ക്ഷേത്രത്തിലെ മാത്രം ആചാരമാണത്. ഓരോ ക്ഷേത്രത്തെയും ഒരു മതവിഭാഗമായി കണക്കാക്കാനാകില്ല. ഓരോ ക്ഷേത്രത്തെയും ഒരു മതസമൂഹമായി കണക്കാക്കുന്നത് മതം സംബന്ധിച്ച ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്ക് എതിരാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.

ചിലരുടെ വാദം കോടതി കേട്ടില്ല എന്നത് വിധി മാറ്റാനുള്ള ന്യായമല്ല. തുല്യതയാണ് ശബരിമല വിധിയുടെ ആധാരം. അയിത്തമാണ് വിധിയുടെ അടിസ്ഥാനം എന്നത് തന്ത്രിയുടെ വ്യാഖ്യാനം മാത്രമാണ്. വിധിയിൽ തൊട്ടുകൂടായ്മ പരാമർശിക്കപ്പെടുക മാത്രമാണ് ചെയ്തത്. അത് വിധിയുടെ കേന്ദ്രബിന്ദു അല്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ ആചാരം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും വിധിക്കെതിരായ പുതിയ ഒരു വാദവും ഉന്നയിക്കാൻ ഹർജിക്കാർക്ക് ആയില്ലെന്നും സർക്കാർ വാദിച്ചു.

ഒരാളുടെ വിശ്വാസസ്വാതന്ത്ര്യം തടയപ്പെട്ടാൽ മൗലിക അവകാശം ലംഘിക്കപ്പെടുകയാണ്. തുല്യതയും വിവേചനം ഇല്ലായ്മയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണ്. ഭരണഘടനയിൽ ഉടനീളം അതിന്‍റെ അന്തസത്തയായി ഈ രണ്ട് അവകാശങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്.ശബരിമലയിൽ നിലനിന്നത് ഭരണഘടനാ വിരുദ്ധമായ ഒരു ആചാരം ആയിരുന്നു. അതിനെതിരായ വിധിന്യായം സാമൂഹ്യാന്തരീക്ഷത്തിൽ വിള്ളലുണ്ടാക്കിയതോ മതവിഭാഗങ്ങൾക്ക് മുറിവേറ്റു എന്നതോ മറ്റ് രാഷ്ട്രീയ വിഷയങ്ങളോഅല്ല പ്രധാനം. ഇന്ത്യൻ ഭരണഘടന പാലിക്കപ്പെടുക എന്നതാണ്, എന്നായിരുന്നു സുപ്രീം കോടതിയിൽ സർക്കാരിന്‍റെ പ്രധാന വാദം. ഭരണഘടന സംരക്ഷിക്കാനുള്ള കടമ സുപ്രീം കോടതിക്കും സർക്കാരിനുമുണ്ട്. അതിനായി ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കുന്ന വിധി നിലനിൽക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം തീരുമെന്നും സമാധാനം പുലരുമെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ജയദീപ് ഗുപ്ത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശബരിമല സംബന്ധിച്ച കേസുകൾ കേരള ഹൈക്കോടതി പരിഗണിക്കുന്നത് തടയണമെന്നും സ‍ർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നിലവിൽ കേരള ഹൈക്കോടതിയിലുള്ള എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ജയദീപ് ഗുപ്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

click me!