
കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
ഷുഹൈബിന്‍റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ എതിരാളിയായ ഷുഹൈബിനെ നാടൻബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുകയായിരുന്നുവെന്ന് വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.
അതിസൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകമാണ് ഷുഹൈബിന്‍റേതെന്നും, പ്രൊഫഷണൽ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയതെന്നും പറഞ്ഞ ഹൈക്കോടതി രാഷ്ട്രീയ പകപോക്കൽ ആണ് നടന്നത് വ്യക്തമാണെന്നും നിരീക്ഷിച്ചു.
ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ നാല് പ്രതികൾക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി പരാമർശിച്ചു. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മുൻ സിപിഎം പ്രവർത്തകരായ ആകാശ് തില്ലങ്കേരിയടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അർദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിയത്. കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബ് ആക്രമിക്കപ്പെട്ടത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam