
തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ട്രഷറിയിൽ നിന്ന് ഒരു ബില്ലു പോലും മാറിയെടുക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുയാണെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചിരിക്കുകയാണ്, കരാറുകാർക്ക് 1200 കോടി രൂപ കൊടുക്കാനുണ്ട് ഇതെല്ലാം മുടങ്ങിക്കിടക്കുയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് നികുതി പിരിവ് നിലച്ചിരിക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് 24,000 കോടി രൂപ നികുതിയിനത്തിൽ പിരിഞ്ഞുകിട്ടാനുണ്ടെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് നിയമസഭയിൽ ഉത്തരം നൽകാൻ ധനമന്ത്രി തോമസ് ഐസക്ക് തയ്യാറായില്ലെന്നും പറഞ്ഞു. ഇടത് സർക്കാരിന്‍റെ സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച ചെന്നിത്തല പിഫിൽ നിന്ന് ലോണെടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപിച്ചു
പ്രളയത്തിൽ നശിച്ച അരിയുടെയും നെല്ലിന്റെയും ഇൻഷുറൻസ് തുക വാങ്ങിയെടുക്കാൻ പോലും സംസ്ഥാന സർക്കാരിനായില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതുവരെ നൽകിയത് 25 കോടിയുടെ ക്ലെയിം മാത്രമാണെന്നും കൃത്യ സമയത്ത് ക്ലെയിം നൽകാത്തതിനാൽ കേരളത്തിന് 133 കോടി രൂപ നഷ്ടമായെന്നും ചെന്നിത്തല ആരോപിച്ചു. പ്രളയത്തിൽ നശിച്ച ധാന്യം തമിഴ്നാടിലെ മില്ലുകൾക്ക് മറിച്ച് വിറ്റുവെന്നും പോളിഷ് ചെയ്ത് വീണ്ടും കേരളത്തിലെത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ ചെന്നിത്തല. ഇതിന് ഒത്താശ ചെയ്ത സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam