
തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ വിദ്യാർത്ഥികളുടെ പരാതിയിൽ സിൻഡിക്കേറ്റ് ഉപസമിതി നടപടിക്ക് ശുപാർശ ചെയ്തേക്കും. സമിതിയുടെ അന്തിമ റിപ്പോർട്ട് ഇന്ന് സർവ്വകലാശാലയ്ക്ക് കൈമാറും. വിദ്യാർത്ഥികളുടെ പരാതിയിൽ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇന്‍റേണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും ഗുരുതര ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ലോ അക്കാദമിക്കെതിരായ നടപടികള്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുമെന്നും ഉപസമിതി. ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ സമീപനം ശരിയായിരുന്നില്ല. ഹാജറിലും ഇന്റേണല്‍ മാര്‍ക്കിലും പ്രിന്‍സിപ്പളിന്റെ ഇടപെടലുകള്‍ തെറ്റായ നിലയിലായിരുന്നുവെന്നും ഉപസമിതി ചൂണ്ടികാണിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികള്‍ ഏറെയും സത്യസന്ധമാണെന്നാണ് സര്‍വ്വകലാശാല ഉപസമിതിയുടെ കണ്ടെത്തല്‍. കോളേജിനെതിരായി നടപടിയെടുക്കേണ്ടത് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് സമിതിയാണ്. ലോ അക്കാദമിയിലെ വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് രേഖപ്പെടുത്തിയ മൊഴിയും വിദ്യാർത്ഥികൾ കൈമാറിയ തെളിവുകളുമാണ് ഒമ്പതംഗ സിൻഡിക്കേറ്റ് ഉപസമിതി പരിശോധിച്ചത്.
വിദ്യാർത്ഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിലും ഹാജരിലുമടക്കം, ഗുരുതരമായ ഇടപെടലുകൾ പ്രിൻസിപ്പൽ നടത്തിയെന്ന ആരോപണം സമിതിക്ക് ബോധ്യപ്പെട്ടെന്നാണ് വിവരം. അക്കാദമിയുടെ അഫിലിയേഷൻ റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികൾക്ക് ഉപസമിതി ശുപാർശ ചെയ്തെന്നാണ് സൂചന. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗം, അക്കാദമിക്കെതിരായ നടപടിയിൽ തീരുമാനമെടുക്കും. അതിനിടെ, പ്രിൻസിപ്പൽ ഡോ. ലക്ഷ്മി നായർക്കെതിരെ പൊലീസ് കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്തു .
പ്രിൻസിപ്പലിനെതിരെ ആറ് വിദ്യാർത്ഥികൾ നൽകിയ പരാതി, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച്, മാർച്ച് രണ്ടിനകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. പ്രിൻസിപ്പലിനെതിരായ പരാതിയിൽ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് വി മുരളീധരൻറെ അനിശ്ചിതകാല ഉപവാസ സമരം തുടരുകയാണ്. എഐവൈഎഫും അടുത്ത ദിവസം മുതൽ നിരാഹാരസമരം തുടങ്ങും. അതിനിടെ, ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam