ബെംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്

ഷാർജ: ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിംഗ് ഓൺ ആയതോടെയാണ് അബ്ദുൾ ഹക്കീം പിടിയിലായത്. വീഡിയോ പുറത്തായതിന് പിന്നാലെ രാജ്യം വിടാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാർജ പോലീസ് ഈ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗളൂരുവിൽ മലയാളികളെ കുടുക്കുന്ന ലഹരി മാഫിയക്കെതിരെ എന്റെ കാസറ്റ് എന്ന പേജിലൂടെ ചെയ്ത വീഡിയോ ആണ് ഹക്കീമിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്. കേരളത്തിലും ഇയാൾക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തിയതിന് യുവാവിനെതിരെ എറണാകുളം സ്വദേശിനിയുടെ പരാതി നിലനിൽക്കുന്നുണ്ട്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസ് ജീപ്പ് ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ലഹരിക്കെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയും നിലകൊള്ളുന്ന മനുഷ്യാവകാശ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു ഇയാളുടെ വ്ലോഗിങ് രീതി. എന്നാൽ, ലഹരിസംഘങ്ങളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം