കേരളത്തിന്റെ പുനർനിർമാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക്

By Web TeamFirst Published Sep 22, 2018, 7:01 PM IST
Highlights

കേരളത്തിന്റെ പുനർനിർമാണത്തിന് 25000 കോടി വേണ്ടി വരുമെന്ന് ലോകബാങ്ക് - എഡിബി റിപ്പോര്‍ട്ട്. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് ലോകബാങ്ക്-എഡിബി സംഘമാണ്  സർക്കാരിന് സമർപ്പിച്ചത്. പ്രളയമേഖലകളിലെ 12 ദിവസത്തെ പഠനത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.  വൈകീട്ട് സംസ്ഥാന സര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ചയ്ക്കു ശേഷമാകും റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കുക. 

തിരുവനന്തപുരം: കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് 25000കോടി രൂപയെങ്കിലും വേണ്ടി വരുമെന്ന് ലോകബാങ്ക് -എഡിബി റിപ്പോര്‍ട്ട്. പ്രളയമേഖലകളില്‍ പഠനം നടത്തിയ ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. പരമാവധി വേഗത്തിൽ വായ്പ അനുവദിക്കാൻ ശ്രമിക്കും. പക്ഷേ ഏതെല്ലാം മേഖലകളിൽ വായ്പ അനുവദിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ലോക ബാങ്ക് അധികൃതര്‍ വിശദമാക്കി. 

പ്രളയം സര്‍വനാശം വിതച്ച പത്ത് ജില്ലകളില്‍ പത്ത് ദിവസത്തിലേറെ നീണ്ട സന്ദര്‍ശനത്തിനും പഠനത്തിനും ശേഷം ലോകബാങ്ക് എഡിബി സംഘം സംയുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ടോം ജോസിന് കൈമാറി. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും കേരളത്തിന് നല്‍കേണ്ട വായ്പ സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കുക. തകര്‍ന്ന റോഡുകളും കുടിവെളള വിതരണ സംവിധാനങ്ങളും പുനസ്ഥാപിക്കുന്നതിനാകും കൂടുതല്‍ തുക വേണ്ടി വരികയെന്ന് സംഘം പറഞ്ഞു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പരമാവധി വേഗത്തില്‍ വായ്പ അനുവദിക്കാന്‍ ശ്രമിക്കും.

പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയത്തിനും കൈമാറുമെന്നും സംഘം അറിയിച്ചു. ആദ്യമായാണ് ഒരു ഏജന്‍സി സംസ്ഥാനത്തെ പ്രളയ മേഖലകളില്‍ പഠനം നടത്തി പുനര്‍നിര്‍മാണത്തിന് ആവശ്യമായ തുക തിട്ടപ്പെടുത്തുന്നത്. അതേസമയം, കേരളത്തിന്‍റെ വായ്പ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയാല്‍ മാത്രമെ ലോകബാങ്കില്‍ നിന്നും എഡിബിയില്‍ നിന്നും സംസ്ഥാനത്തിന് വായ്പ എടുക്കാനാകൂ.

click me!