
ജലന്ധര്‍: ബലാല്‍സംഗക്കേസില്‍ മൂന്നാഴ്ചത്തെ ജയില്‍വാസം കഴിഞ്ഞെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വൈദികരുടേയും നാട്ടുകാരുടേയും ഉജ്വല സ്വീകരണം. തുടര്‍ന്ന് ബിഷപ്പ് ഹൗസിലെ പള്ളിയില്‍ ഫ്രാങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേക കുര്‍ബാന നടന്നെങ്കിലും രൂപതാ അഡ്മിനിസ്ട്രേറ്ററും വികാരി ജനറാളും വിട്ടു നിന്നു.
കര്‍ശന വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച ബിഷപ്പ് ഫ്രാങ്കോ,തൃശൂരിലെ തറവാട് വീട് സന്ദര്‍ശിച്ച ശേഷമാണ് ജലന്ധറിലേക്ക് വിമാനം കയറിയത്. ബിഷപ്പ് എത്തുന്നറിഞ്ഞ് ബിഷപ്പ് ഹൗസിന് മുന്നിലും പരിസരങ്ങളിലും ബാനറുകളും തോരണങ്ങളും തൂക്കിയിരുന്നു.പ്രധാന ഗേറ്റിന് മുന്നിലെത്തിയതോടെ പുഷ്പവൃഷ്ടി നടത്തിയാണ് വൈദികരും കന്യാസത്രീകളും നാട്ടുകാരും അദ്ദേഹത്തെ വരവേറ്റത്.
സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ബിഷപ് ഫ്രാങ്കോ നേരെ ബിഷപ്പ് ഹൗസിനുള്ളിലെ പള്ളിയിലേക്ക് പോയി. നന്ദി സൂചകമായി പ്രത്യേക കുര്‍ബാനയും നടത്തി. എന്നാല്‍ കേസിനെ തുടര്‍ന്ന് മാര്‍പാപ്പ നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ സഹായ മെത്രാന്‍ ആഗനലോ ഗ്രേഷ്യസും വികാരി ജനറാള്‍ ഫാ മാത്യു കോക്കണ്ടവും കുര്‍ബാനയില്‍ നിന്ന് വിട്ടു നിന്നു. കേസിനെകുറിച്ച് ചോദിച്ചപ്പോള്‍ സത്യം തെളിയുമെന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam