
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുനൂറോളം ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിമാരില്ലാത്തതിനാല്‍ ഭരണ നിയന്ത്രണം താളം തെറ്റുന്നു.തസ്തിക ഒഴിഞ്ഞു കിടക്കുന്നത് മൂലം വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിസംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയിലായതിനാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല.
വിവിധ ജില്ലകളിലായി 200 ലധികം സെക്രട്ടറിമാരുടെ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. ഒരോ ജില്ലയിലും പത്ത് മുതല്‍ 28 വരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവുമധികം ഒഴിവുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 28 എണ്ണം. തൃശൂര്‍ 26, പാലക്കാട് 24, കോട്ടയം 22 എന്നിങ്ങനെ പോകുന്നു പിന്നീടുള്ള കണക്കുകള്‍. പഞ്ചായത്ത് സര്‍വ്വീസില്‍ സെക്കന്‍റ് ഗ്രേഡ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരായി നേരിട്ട് നിയമിതരായവരും, വകുപ്പ് ഏകീകരണത്തിന് മുന്‍പ് ഉണ്ടായിരുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാരും തമ്മിലുള്ള സീനിയോറിറ്റി തര്‍ക്കം കോടതി കയറിയതാണ് പ്രതിസന്ധിക്ക് കാരണം.
2014 ല്‍ പുതിയ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയതില്‍ അപാകതയുണ്ടെന്നാരോപിച്ച് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.ഈ കേസില്‍ ഇനിയും തീര്‍പ്പുണ്ടായിട്ടില്ല. നിയമക്കുരുക്കിലായ വിഷയത്തില്‍ പരിഹാരം കാണുക ഏറെ ബുദ്ധിമുട്ടാണെന്ന് മുന്‍ പഞ്ചയാത്ത് മന്ത്രി എം കെ മുനീര്‍ പറയുന്നു.
സെക്രട്ടറി തസ്തിക ഒഴിഞ്ഞു കിടക്കുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്തുകളില്‍ എത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പദ്ധതി നിര്‍വ്വഹണം, ജനനമരണ രജിസ്ട്രേഷന്‍, കെട്ടിട നിര്‍മ്മാണ അനുമതി നല്‍കല്‍, വിവരാവകാശ നിയമപ്രകാരമുള്ള മറുപടി നല്‍കല്‍ തുടങ്ങിയ നടപടികളിലെല്ലാം പ്രതിസന്ധി നേരിടുകയാണ്.
അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.പ്രശ്നപരിഹാരത്തിന് എജിയുടെ നിയമോപദേശം തേടിയുണ്ടെന്നാണ് തദ്ദേശ ഭരണവകുപ്പിന്‍റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam