
മലയാള ദേശത്തിന് ഇന്ന് പിറന്നാൾ. അറുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഐക്യകേരളമെന്ന ആശയം യാഥാർഥ്യമായത്. അറുപതാണ്ടിന്‍റെ പ്രൗഢമായ ചരിത്രമുള്ള നമ്മുടെ നാടിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് നാമോരോരുത്തരും ആത്മപരിശോധന നടത്തേണ്ട ദിനം കൂടിയാണ് ഇന്ന്. കേരളം എന്ന് രൂപമെടുത്തെന്നോ, ഇവിടെ എന്ന് മുതൽ മനുഷ്യവാസമുണ്ടായെന്നോ നമുക്ക് അറിയില്ല. പക്ഷെ ഒന്നറിയാം ഇന്നീ മണ്ണ് ഞങ്ങൾ മൂന്നരക്കോടി മലയാളികളുടെ മാതൃഭൂമിയാണ്. നീല സാഗരവും സഹ്യസാനുവും അതിരിടുന്ന, കാടും കാടാറും നാടും നാട്ടാരും വയലേലയും കായലും ഒക്കെ നിറയുന്ന വർണവിസ്മയങ്ങളടുടെ നിലയിടം. നമ്മുടെ സ്വന്തം അമ്മ മലയാളം.
ഓരോ പിറന്നാളും ഓർമ്മപ്പെടുത്തലുകളാണ്. എന്ത് നേടിയെന്നും എന്തൊക്കെ കൈവിട്ടുപോയെന്നുമുള്ള ഓർമ്മപ്പെടുത്തൽ. നൂറ്റാണ്ടുകൾക്ക് മുൻപ്, അല്ല ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ പ്രസിദ്ധമായൊരു തുറമുഖത്തെ നമ്മൾ തിരികെ പിടിക്കുന്നുണ്ട് വിഴിഞ്ഞത്ത്. തലസ്ഥാനം തുറമുഖത്തിന്‍റെ മേനി പറഞ്ഞാൽ കൊച്ചി മെട്രോയുടെ വേഗത്തെ മുന്നിൽ വയ്ക്കും. കേരളത്തിന്‍റെ ഇപ്പോഴത്തെ വയസ്സിലാണ് നമുക്ക് സ്വന്തമായൊരു മെട്രോ നഗരം ലഭിച്ചത്. ഐടിയിലും വിദ്യാഭ്യാസത്തിലും ഒക്കെ ഈ നാട് മുന്നോട്ട് തന്നെ.
പക്ഷെ പിറന്നാൾ കണക്കെടുപ്പിൽ കോട്ടങ്ങളും ഒട്ടും കുറവല്ല. പെൺമലയാളത്തിന് തന്നെയാണ് ഏറെ നാണക്കേട്. അമ്മമാരുടെ കണ്ണുനീർ, ആക്രമിക്കപ്പെടുന്ന പെൺമക്കൾ, രാഷ്ട്രീയത്തിന്‍റെ പേരിൽ കൊല്ലുന്ന സഹോദരങ്ങൾ, പിന്നെ ഭാരതഭൂവിൽ തന്നെ ആദ്യമുസ്ലീം പള്ളിയും ക്രിസ്ത്യൻ പള്ളിയും ജൂതപള്ളിയുമൊക്കെ വന്ന ഇതേ നാട്ടിൽ മതത്തിന്‍റെ ഭ്രാന്തും. പക്ഷെ അപ്പോഴും നമ്മൾ പറയും, ഈ ദേശം ലോകത്തിലെ ഏറ്റവും സുന്ദരഭൂമിയാണ്. കാരണം നമ്മള്‍ മലയാളികള്‍ക്ക് ഇതല്ലാതെ മറ്റൊരു മാതൃഭൂമി വേറെയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam