എ.ടി.എം തട്ടിപ്പ്; കേരളാ പൊലീസ് മുംബൈയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നു

By Web DeskFirst Published Aug 12, 2016, 5:58 PM IST
Highlights

റൊമാനിയയില്‍ നിന്നുള്ള നാലുപേരാണ് ഹൈട്ടെക്ക് എ.ടി.എം തട്ടിപ്പിനു പിന്നില്‍ എന്ന നിഗമനത്തിലായിരുന്നു കേരളപൊലീസ്. എന്നാല്‍ മരിയന്‍ ഗബ്രിയേലിന്റെ അറസ്റ്റിന് ശേഷവും മുംബൈയില്‍നിന്നും വ്യാജ എടിഎം ഉപയോഗിച്ച് തട്ടിപ്പ് തുടര്‍ന്നതോടെ സംഘത്തില്‍ കൂടുതല്‍പേരുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയില്‍ കേരള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മുംബൈയിലെ ഘാട്കൂപ്പര്‍ എന്നസ്ഥലത്തെ എ.ടി.എമ്മില്‍ നിന്നാണ് ഇത്തവണ പണം പിന്‍വലിച്ചിരിക്കുന്നത്. പല ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്നായിരുന്നു പണംപോയത്. അതുകൊണ്ട് ഈ ബാങ്കുകളെ ബന്ധപ്പെട്ട് പൊലീസ് വിവര ശേഖരണം നടത്തി. 

മുംബൈ പൊലീസിന്റെ സഹായത്തോടെ കേരള സംഘം ഘാട്കൂപ്പറിലെ ഹോട്ടലുകളില്‍ തെരച്ചില്‍ നടത്തി. മുംബൈയില്‍ തട്ടിപ്പുകാര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കുന്നു.  മുംബൈയില്‍ ടൂറിസ്റ്റുകളായെത്തിയ റൊമേനിയക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുകയാണ്. പല സംഘങ്ങളായി തിരിഞ്ഞാണ് കേരള പൊലീസിന്റെ അന്വേഷണം. സ്വദേശികളും വിദേശികളുമടക്കം വലിയൊരു സംഘം ഈ തട്ടിപ്പിനു പിന്നിലുണ്ടാകുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു. കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളും ഇവര്‍ ലക്ഷ്യം വെച്ചിരുന്നു എന്നും സൂചനയുണ്ട്. പിടിയിലായ മരിയന്‍ ഗബ്രിയേല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്തത് അന്വേഷണസംഘത്തെ കുഴക്കുന്നു. മുംബൈ പൊലീസിലെ ക്രൈം ബ്രാഞ്ചിന്റെയും സൈബര്‍ സെല്ലിന്റെയും സഹായം കേരളത്തില്‍നിന്നുള്ള സംഘത്തിന് കിട്ടുന്നുണ്ട്.
 

click me!