
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാടിനെതിരെ കേസ് നടത്താന്‍ കേരളസർക്കാർ കഴിഞ്ഞ 9 വർഷം ചിലവഴിച്ചത് അഞ്ചരക്കോടിയിലധികം രൂപ. കേസിനായി കോടതിയില്‍ ഹാജരായ അഭിഭാഷകർക്കുള്ള ഫീസിനത്തിലും, യാത്രാ ചിലവിനായും മറ്റും 2009 മുതല്‍ 2018 വരെ ചെലവഴിച്ച തുകയുടെ കണക്കാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിരിക്കുന്നത്.
അന്തർ സംസ്ഥാന നദീജല തർക്കവുമായി ബന്ധപ്പെട്ട് കേസ് നടത്താനും മറ്റ് അനുബന്ധ ചിലവുകള്‍ക്കുമായി 2009 മുതല്‍ 2018 സെപ്റ്റംബർ വരെ ചിലവഴിച്ച തുകയുടെ കണക്കാണ് പുറത്തുവന്നത്. ആകെ ചിലവിട്ടത് 5,65,42,049 രൂപ. വക്കീല്‍ ഫീസിനത്തില്‍ മാത്രം ഖജനാവില്‍ നിന്നും പൊടിച്ചത് 4,31,60753 രൂപ.
ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ്. എന്‍. സാല്വേപ. 1,82,71,350 രൂപ. രണ്ടേമുക്കാല്‍ ലക്ഷം മുതല്‍ 92 ലക്ഷം വരെ കേസില്‍ ഹാജരായ മറ്റ് 8 അഭിഭാഷകരും കൈപ്പറ്റി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട യാത്രാ ചിലവിനത്തില്‍ 56,55,057 രൂപ ചിലവഴിച്ചു.
ഈ കാലയളവില്‍ ഉന്നതാധികാരസമിതിയുടെ സന്ദർശനങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിന് 58,34,739 രൂപയും മറ്റ് ചിലവുകള്‍ക്കായി 16,41,500 രൂപയും ചിലവഴിച്ചു. കുടിശികയിനത്തില്‍ അഭിഭാഷകർക്ക് പണമൊന്നും ബാക്കിനല്‍കാനില്ലെന്നും പൊതുഭരണവകുപ്പ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam