ഹര്‍ത്താല്‍; കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപി നിര്‍ദ്ദേശം

By Web TeamFirst Published Feb 18, 2019, 7:57 AM IST
Highlights

 കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം. 

ഹര്‍ത്താൽ: കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ഇന്ന് നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും അടിയന്തിര നിര്‍ദ്ദേശം നല്‍കി.

ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

ഇന്ന് തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും പൊലീസ് സംരക്ഷണം നല്കും. അക്രമത്തിന്  മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തും.  ഹര്‍ത്താലുകള്‍ നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണല്‍  എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!