
ദാറുസ്സലാം: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആഫ്രിക്കന്‍ കോടീശ്വരന്‍ മുഹമ്മദ് ദേവ്ജി സുരക്ഷിതനായി തിരിച്ചെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഹമ്മദ് ദേവ്ജി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആരാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നോ എങ്ങനെയാണ് രക്ഷപ്പെട്ടതെന്നോ ദേവ്ജി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒരാഴ്ച മുമ്പാണ് ദാറുസ്സലാമില്‍ വച്ച് നാല്‍പത്തിമൂന്നുകാരനായ ദേവ്ജിയെ അജ്ഞാതര്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയത്. നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ക്ലബ്ബില്‍ വര്‍ക്കൗട്ടിന് എത്തിയതായിരുന്നു ദേവ്ജി. ഇവിടെ വച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സംഘം ദേവ്ജിയെ വാഹനത്തില്‍ കയറ്റിയത്.
പത്ത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായ ദേവ്ജിയാണ് ഫോര്‍ബ്‌സ് മാഗസിന്റെ കണക്കുപ്രകാരം ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍. 2005 മുതല്‍ 2015 വരെ പാര്‍ലമെന്റ് അംഗവുമായിരുന്നു ദേവ്ജി.
ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തയും പിന്നീട് പുറത്തുവന്നിരുന്നില്ല. എന്നാല്‍ താന്‍ സുരക്ഷിതനാണെന്ന് ദേവ്ജി അറിയിച്ചതിന് തൊട്ടുപിന്നാലെ പൊലീസിനും സഹായിച്ച മറ്റെല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ദേവ്ജിയുടെ കമ്പനിയും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam