പത്തനംതിട്ടയിൽ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയ പ്ലസ്ടുക്കാരനെ മോചിപ്പിച്ചു

By Web TeamFirst Published Dec 1, 2018, 12:25 PM IST
Highlights

പത്തനംതിട്ടയിൽ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ മോചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കമുള്ള സംഘം പൊലീസിന്‍റെ പിടിയിലായി. 

പത്തനംതിട്ട: പത്തനംതിട്ടയിൽ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയ പ്ലസ്ടു വിദ്യാര്‍ഥിയെ മോചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കമുള്ള സംഘം പൊലീസിന്‍റെ പിടിയിലായി. മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി ഇപ്പോള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി പത്തരയോടെ മഞ്ഞണിക്കരയിലാണ് സംഭവം. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചദ്രവ്യമായി ഇവര്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. മുത്തശ്ശിയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

മുത്തശ്ശിയും കുട്ടിയും മാത്രം വീട്ടിലുള്ള സമയത്തായിരുന്നു രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത്. അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവും മകനുമടങ്ങുന്ന സംഘമാണ് സംഭവത്തിന് പിന്നില്‍. ഇവര്‍ നേരത്തെയും പണം ചോദിച്ച് വീട്ടില്‍ വന്നിട്ടുണ്ടെന്നും അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയം നോക്കി അവര്‍ എത്തിയതാണെന്നും മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തിൽ ബന്ധുവടക്കം അഞ്ച് പേർ പിടിയിലായതായി സൂചനയുണ്ട്. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ മൈസൂരിലെ ഗുണ്ടാ സംഘവും ഉള്‍പ്പെടുന്നതായി പൊലീസ് സൂചന നല്‍കുന്നുണ്ട്. കസ്റ്റഡിയിലായ ഇവരുടെ അറസ്റ്റടക്കമുള്ള നടപടികള്‍ ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.  ആക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മുദ്രപത്രങ്ങളും വടിവാളുകളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ തന്നെ പ്രതികള്‍ പിടിയിലായിരുന്നു. 

മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി ഏഷ്യാനെറ്റ് ന്യൂസിനോട്

'' അമ്മയുടെ ചേച്ചിയുടെ മകനും ഭര്‍ത്താവുമാണ് വീട്ടിലെത്തിയത്. ആദ്യം സാധാരണ പോലെ സംസാരിച്ചു. അനുനയിപ്പിച്ച് എന്നെ പുറത്തേക്ക് കൊണ്ടുപോയി. ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ കുതറിയപ്പോള്‍ മര്‍ദ്ദിച്ചു. പ്രായമായ മുത്തശ്ശിയെ തള്ളിയിട്ടു.

രണ്ടു വണ്ടികളിലായിട്ടാമ് അവരെത്തിയത്. വണ്ടിയില്‍ കയറ്റിയതു മുത്ല‍ തുണിയെല്ലാം പറിച്ച് മര്‍ദ്ദിച്ചു. അമ്മയും അച്ഛനും ബെംഗളൂരുവിലായിരുന്നു. രണ്ട് വടിവാളും ചെയിനും അവരുടെ കയ്യിലുണ്ടായിരുന്നു. മര്‍ദ്ദനത്തോടൊപ്പം വായില്‍ മദ്യം ഒഴിച്ചു തന്നു.  പൊലീസ് രക്ഷിക്കുന്നതുവരെ ഉപദ്രവിച്ചു '' മോചിപ്പിക്കപ്പെട്ട വിദ്യാര്‍ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

click me!