ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുട്ടികളെ കടത്തല്‍; സംഘത്തലവന്‍ അറസ്റ്റില്‍

By Web TeamFirst Published Aug 16, 2018, 11:37 AM IST
Highlights

ഗുജറാത്തില്‍ നിന്നുള്ള കുട്ടികളാണ് അധികവും. വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്ത ചില മാതാപിതാക്കള്‍ കുട്ടികളെ ഇയാള്‍ക്ക് വിറ്റിരുന്നതായും പൊലീസ് പറഞ്ഞു

മുംബെെ: കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്ന റാക്കറ്റിലെ പ്രധാനി മുംബെെ പൊലീസിന്‍റെ പിടിയില്‍. ഗുജറാത്ത് സ്വദേശിയായ ഗാംലേവാല എന്ന രാജു ഭായ്‍യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007ലാണ് ഇയാള്‍ റാക്കറ്റ് ആരംഭച്ചത്. യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിലരില്‍ നിന്ന് ഒരു കുട്ടിക്ക് 45 ലക്ഷം രൂപ വിലയാണ് ഇയാള്‍ ഈടാക്കിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കടത്തപ്പെട്ട കുട്ടികളെ എന്തിനാണ് ഉപയോഗിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. റാക്കറ്റിലെ ചില അംഗങ്ങളെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. പാവപ്പെട്ട കുടംബങ്ങളിലെ 11 മുതല്‍ 16 വയസ് വരെയുള്ള കുട്ടികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഗുജറാത്തില്‍ നിന്നുള്ള കുട്ടികളാണ് അധികവും.

വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്ത ചില മാതാപിതാക്കള്‍ കുട്ടികളെ ഇയാള്‍ക്ക് വിറ്റിരുന്നതായും പൊലീസ് പറഞ്ഞു. യുഎസില്‍ നിന്നും ആവശ്യപ്പെടുന്നത് അനുസരിച്ച് തന്‍റെ സംഘത്തെ ഉപയോഗിച്ച് ഗുജറാത്തില്‍ നിന്ന്  കുട്ടികളെ കണ്ടെത്തുകയായിരുന്നു ചെയ്തിരുന്നത്. ഇതിന് ശേഷം പാസ്പോര്‍ട്ട് ഉണ്ടാക്കിയ ശേഷം വിദേശത്തേക്ക് അയ്ക്കും. ഒരു സലൂണില്‍ രണ്ട് കുട്ടികളെ മേയ്ക്ക്അപ്പ് ചെയ്യുന്നതായി നടി പ്രീതി സുദ് അറിഞ്ഞതിനെത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറംലോകം അറിഞ്ഞത്.

സംശയത്തോടെ അവിടെ ചെന്നപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ നിര്‍ബന്ധിതമായി മേയ്ക്ക്അപ്പ് ഇടുകയായിരുന്നു. ചോദിച്ചപ്പോള്‍ യുഎസിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് അയ്ക്കുകയാണെന്നാണ് പറഞ്ഞത്. ഇതിന് ശേഷം അവരെ തടഞ്ഞ് വച്ച് പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. 

click me!