
കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിൽ ഇടനിലക്കാരെ ഉപയോഗിച്ചാണ് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി വെടിയുതിർത്തതെന്ന് കൊച്ചി സിറ്റി പൊലീസ്. കൃത്യത്തിനെത്തിയവർക്ക് രവി പൂജാരിയെ പരിചയമില്ലന്നും ഇവരെ ഉടൻ തിരിച്ചറിയാനാകുമെന്നുമാണ് അന്വേഷണസംഘം അവകാശപ്പെടുന്നത്.
സംഭവത്തിന് നാളെ ഒരുമാസം തികയാനിരിക്കേ നടി ലീന മരിയ പോളിന്‍റെ അഭിഭാഷകനെ ഭീഷണിപ്പെടുത്തി രവി പൂജാരി വീണ്ടും രംഗത്തെത്തി. അഭിഭാഷകനായ സി സി തോമസിനോട് ലീന മരിയ പോളിന്‍റെ കേസിൽ ഇടപെടരുതെന്ന് രവി പൂജാരിയുടെ ആവശ്യം.
ദാവൂദിന്‍റെ സംഘത്തെ സഹായിച്ച അഭിഭാഷകനെ മംഗലാപുരത്ത് താൻ വധിച്ചിരുന്നു. ലീനയെ സഹായിച്ചാൽ ആ അവസ്ഥയുണ്ടാകുമെന്നും ഭീഷണിയുണ്ട്. ഡിസംബർ 15നായിരുന്നു നടി ലീന മരിയ പോളിന്‍റെ പനമ്പളളി നഗറിലെ ബ്യൂട്ടി പാലർറിൽ അജ്ഞാതർ വെടിയുതിർത്തത്.
ബൈക്കിലെത്തിയ രണ്ടംഗസംഘത്തെ പിടികൂടാൻ ഒരുമാസമായിട്ടും കഴിഞ്ഞില്ല. താനാണ് കൃത്യത്തിന് പിന്നിലെന്ന് മുംബൈ അധോലോക കുറ്റവാളി രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചതോടെയാണ് അന്വേഷണം ആ വഴിക്ക് നീണ്ടത്.
രവി പൂജാരി തന്നെയാണ് കൃത്യത്തിന് പിന്നിലെന്നും നടി ലീന മരിയ പോളിനും ഏഷ്യാനെറ്റ് ന്യൂസിനും ലഭിച്ച ശബ്ദം രവി പൂജാരിയുടേത് തന്നെയെന്ന് ഉറപ്പിച്ചതായും അന്വേഷണസംഘം അറിയിച്ചു. ചില ഇടനിലക്കാർ വഴിയാണ് ബ്യൂട്ടി പാലർറിൽ വെടിവയ്പ്പ് നടത്തിയത്.
കൃത്യത്തിനെത്തിയവരെ രവി പൂജാരിക്ക് അറിയില്ല. വെടിയുതിർത്തവർക്കും ആസൂത്രകൻ രവി പൂജാരിയെന്ന് അറിവുണ്ടായിരുന്നില്ല. മുംബൈയിലും മംഗലാപുരത്തും മുമ്പ് നടത്തിയ കൃത്യങ്ങൾക്ക് സമാനമാണ് കൊച്ചിയിലേതെന്നും അന്വേഷണ സംഘം പറയുന്നു.
തങ്ങൾ ശരിയായ ദിശയിലാണെന്നും വെടിയുതിർത്ത രണ്ടുപേരെയും ഉടൻ തിരിച്ചറിയാനാകുമെന്നും പൊലീസ് അറിയിച്ചു. ബ്യൂട്ടി പാർലർ ഉടമ ലീന മരിയ പോൾ നിലവില്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. സത്യങ്ങൾ അറിയാവുന്നതുകൊണ്ടാണ് അവർ മൊഴി കൊടുക്കാൻ എത്താത്തതെന്ന് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടിയുമായോ അവരുടെ ഭർത്താവുമായോ ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകളാണ് വെടിവയ്പ്പിന് കാരണമെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസിപ്പോഴും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam