
കൊച്ചി: കൊച്ചിയിൽ ആഡംബർ കാർ വഴിയരികിൽ നിർത്തിയിട്ട കാറുകൾ ഇടിച്ചുതെറിപ്പിച്ചു. വാഹനങ്ങൾ ഇടിയേറ്റ് തകർന്നിട്ടും കാർ നിർത്താതെ പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഞായറാഴ്ച ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളം സൗത്തിൽ രവിപുരം ഭാഗത്ത് മിലാനോ ഐസ്ക്രീം പാർലറിന് സമീപത്താണ് അപകടമുണ്ടായത്. കനത്ത മഴയായിരുന്നു ഇവിടെ. ആഡംബര കാർ നിർത്തിയിട്ടിരുന്ന നാലഞ്ച് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അതിന് മുമ്പ് ഇതേ കാർ മറ്റ് വാഹനങ്ങളെ ഇടിച്ചിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വലിയൊരു കണ്ടെയ്നർ ലോറിക്ക് സൈഡ് കൊടുത്ത് വരികയായിരുന്നു ആഡംബര കാർ. മദ്യലഹരിയിൽ കൊട്ടാരക്കര സ്വദേശി നിജീഷ് ഓടിച്ച കാറാണ് ഇത്തരത്തിൽ അപകടമുണ്ടാക്കിയത്. വഴിയാത്രക്കാർക്ക് പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും പരിസരത്തും ഇടിച്ച വാഹനങ്ങൾക്കും വൻതോതിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിജീഷിനെ സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ഉടനടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആഡംബര വാഹനത്തിന്റെ ഒരു ഭാഗം തകർന്നിട്ടും ടയറടക്കം തെറിച്ചുപോയിട്ടും നിർത്താതെ മുന്നോട്ടു പോകുകയായിരുന്നു. പിന്നാലെ പോയാണ് പൊലീസ് വാഹനമോടിച്ച നിജീഷിനെ കസ്റ്റഡിയിലെടുത്തത്. ഇടിയേറ്റ വാഹനത്തിന്റെ ഉടമകൾ നിജീഷിന്റെ കാറിന് പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാൾക്കെതിരെ കേസെടുത്തതായി സൗത്ത് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam