
കൊച്ചി: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാനം മെട്രോ ട്രാക്കിലേക്കെത്താൻ ഇനി ഏതാനും നിമിഷങ്ങൾ. ആലുവ-പാലാരിവട്ടം വരെ 13.4 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിലൂടെയാണു മെട്രോയുടെ കുതിപ്പ്. രാവിലെ 10.35നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മെട്രോ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ പ്രവേശനകവാടത്തിൽ നാട മുറിച്ച് മെട്രോ യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട സദസിനെ സാക്ഷിയാക്കി പ്രധാനമന്ത്രി കൊച്ചി മെട്രോയെ രാഷ്ട്രത്തിനു സമർപ്പിക്കും.
പാലാരിവട്ടത്തെ നാട മുറിക്കൽ ചടങ്ങിനുശേഷം പ്രധാനമന്ത്രിയും സംഘവും മെട്രോ ട്രെയിനിൽ പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും സഞ്ചരിക്കും. സ്റ്റേഡിയം മൈതാനിയിലെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. കൊച്ചി മെട്രോയ്ക്കും അനുബന്ധ സൗകര്യങ്ങൾക്കുമുള്ള ‘കൊച്ചി വണ്‍ ആപ്’ മുഖ്യമന്ത്രി പിണറായി വിജയനും യാത്രയ്ക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കുമുള്ള കൊച്ചി വണ്‍ കാർഡ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും പുറത്തിറക്കും.
ഗവർണർ പി. സദാശിവം, സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഉദ്ഘാടന വേദിയിൽ ഉണ്ടായിരിക്കും. പ്രധാനമന്ത്രിയെ കൂടാതെ പിണറായി വിജയൻ, വെങ്കയ്യ നായിഡു, സ്വാഗതം ആശംസിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി ഏലിയാസ് ജോർജ് എന്നിവരും ചടങ്ങിൽ പ്രസംഗിക്കും.
പ്രധാനമന്ത്രിയുടെ ട്രെയിൻ യാത്രയിൽ ഗവർണർ, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു, ഇ. ശ്രീധരൻ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഏലിയാസ് ജോർജ് എന്നിവർ ഒപ്പമുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam