ശബരിമല: യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് കോടിയേരി

By Web TeamFirst Published Jan 19, 2019, 1:25 PM IST
Highlights

സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍  സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

കൊല്ലം: സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍  സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയതില്‍ സമര്‍പ്പിച്ച  പട്ടികയില്‍ വീണ്ടും പുരുഷന്‍റെ പേരുണ്ടെന്ന് വ്യക്തമായി. കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്സി ഡ്രൈവറായ ശങ്കറിന്‍റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു.

അതിനിടെ,  ലിസ്റ്റിന്റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് ആരും പറഞ്ഞില്ലെന്ന് നിയമവകുപ്പ് വ്യക്തമാക്കുന്നു.പട്ടികയിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോടും നിയമവകുപ്പിനോടും വിശദീകരണം തേടിയിരുന്നു. അതിന് മറുപടി നൽകിയതിൽ ഇരുവകുപ്പുകളും പരസ്പരം പഴി ചാരുകയാണ്.

സർക്കാരിന് യുവതികളുടെ പട്ടികയിൽ ആശയക്കുഴപ്പമില്ലെന്നാണ് ഇപ്പോഴും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. എന്നാൽ സർക്കാർ ഒരു പട്ടിക കൊടുത്തെങ്കിൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് തന്നെയാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കുന്നു. പട്ടികയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നും ദേവസ്വംബോർഡിന് എത്ര സ്ത്രീകൾ കയറിയെന്നറിയില്ലെന്നും ബോർഡ് പ്രസിഡന്റ് എ പദ്മകുമാറും വ്യക്തമാക്കുന്നു. പട്ടികയുടെ ഉത്തരവാദിത്തം ദേവസ്വംബോർഡിനില്ലെന്നാണ് പദ്മകുമാറിന്റെ നിലപാട്. 
 

click me!