ചൈത്ര തെരേസ ജോൺ ശ്രമിച്ചത് വിലകുറഞ്ഞ പബ്ലിസിറ്റിക്കെന്ന് കോടിയേരി ബാലകൃഷ്ണൻ

By Web TeamFirst Published Jan 28, 2019, 4:54 PM IST
Highlights

എല്ലാ ഉദ്യോഗസ്ഥരും സർക്കാരിന് കീഴിലും സർക്കാരിന് വിധേയരുമാണ്. സർക്കാരിന് മുകളിൽ പറക്കാൻ ഒരു ഉദ്യോഗസ്ഥരേയും അനുവദിക്കില്ലെന്ന് കോടിയേരി ആവർത്തിച്ചു.

തിരുവനന്തപുരം: അർദ്ധരാത്രി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡിസിപി ചൈത്ര തെരേസ ജോൺ വില കുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് മീതെ പറക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമവാഴ്ച നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്.  പാർട്ടി ഓഫീസിൽ ഏതെങ്കിലും കേസിലെ പ്രതി ഒളിച്ചുതാമസിക്കുന്നില്ല. അങ്ങനെയൊരു വിവരമുണ്ടെങ്കിൽ, ആ പ്രതിയെ പിടികൂടേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നെങ്കിൽ, പരിശോധന നടത്തിയത് മനസ്സിലാക്കാമായിരുന്നു. പാർട്ടി ഓഫീസിൽ നിന്ന് ഒരു പ്രതിയേയും പിടികൂടാൻ ഡിസിപിക്ക് കഴിഞ്ഞില്ല. നിയമവാഴ്ച നടപ്പാക്കുന്നതിന് പകരം ഒരു പ്രഹസനം നടത്താനാണ് ഡിസിപി ശ്രമിച്ചതെന്ന് കോടിയേരി ആരോപിച്ചു.

പാർട്ടി ഓഫീസിൽ പൊലീസ് നടത്തിയ പരിശോധന ആസൂത്രിതമാണെന്ന് കരുതുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ആസൂത്രിതമായി ഇത്തരമൊരു നീക്കം നടത്താനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. എല്ലാ ഉദ്യോഗസ്ഥരും സർക്കാരിന് കീഴിലും സർക്കാരിന് വിധേയരുമാണ്. സർക്കാരിന് മുകളിൽ പറക്കാൻ ഒരു ഉദ്യോഗസ്ഥരേയും അനുവദിക്കില്ലെന്നും കോടിയേരി ആവർത്തിച്ചു.

ബുധനാഴ്ച രാത്രി ഒരു സംഘം ആളുകൾ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞിരുന്നു. ഈ സംഭവത്തിൽ അമ്പതോളം ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് പ്രവർത്തകരെ കാണാൻ അനുവദിക്കാതിരുന്നതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഇവരിൽ ചിലർ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട് എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു ഡിസിപിയുടെ ചുമതല വഹിച്ച എസ് പി ചൈത്ര തെരേസ ജോണിൻറെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത്.

ശബരിമല ഡ്യൂട്ടിക്ക് പോയ ആർ ആദിത്യക്ക് പകരമായാണ് വിമൺ സെൽ എസ്പിയായ ചൈത്ര തെരേസ ജോൺ തിരുവനന്തപുരം ഡിസിപിയുടെ ചുമതലയിൽ ഡ്യൂട്ടിക്കെത്തിയത്. റെയ്ഡിനെ തുടർന്ന് ഡിസിപിയുടെ ചുമതലയില്‍നിന്ന് പിറ്റേ ദിവസം തന്നെ ചൈത്ര തെരേസ ജോണിനെ ഒഴിവാക്കി. റെയ്ഡിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൻമേൽ അന്വേഷണം നടത്താന്‍ എഡിജിപി മനോജ് എബ്രഹാമിനെ ഡിജിപി ചുമതലപ്പെടുത്തിയിരുന്നു. മനോജ് എബ്രഹാം ഡിജിപിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിൽ ചൈത്രക്കെതിരെ നടപടിക്ക് ശുപാർശയില്ല. റെയ്ഡിൽ നിയമപരമായി തെറ്റില്ലെന്നും അതേസമയം ചൈത്ര തെരേസ ജോൺ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നു എന്നും എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.

click me!