
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ പ്രതികരിച്ച് ഓസ്ട്രേലിയ. അനധിക്യത കുടിയേറ്റം അനുവദിക്കില്ലെന്ന് ഓസ്ടേലിയൻ ആഭ്യന്തര മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ബോട്ടു മാർഗം ഒരു സംഘം പുറപ്പെട്ടതായി അറിവ് കിട്ടിയിട്ടുണ്ട്. അനധികൃതമായി എത്തുന്ന ഏത് യാനവും തങ്ങൾ പിടികൂടും. ഇതിലുള്ളവരെ ഇന്ത്യയിലേക്കു തന്നെ തിരിച്ചയക്കും. അനധികൃതമായി എത്തുന്ന ആരെയും തങ്ങളുടെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ ഇ-മെയിലിന് ഓസ്ട്രേലിയൻ സർക്കാര്‍ മറുപടി നല്‍കി.
അതേസമയം മുനമ്പം മനുഷ്യക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധിക്കും. മുനമ്പത്ത് നിന്ന് ദയാമാതാബോട്ടിൽ യാത്ര തിരിച്ചവർ ഒന്നര ലക്ഷം രൂപ വീതം മുഖ്യഇടനിലക്കാർക്ക് കൈമാറിയിട്ടുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കേസിൽ പിടിയിലായ രവി സനൂപിന്‍റെയും പ്രഭാകരന്‍റെയും മൊഴികളിൽ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മനുഷ്യക്കടത്തിന്‍റെ മുഖ്യ ഇടനിലക്കാരായ ശ്രീകാന്തൻ, സെൽവൻ എന്നിവരാണ് 120 ഓളം പേരിൽ നിന്നായി പണം കൈപ്പറ്റിയത്. ഇത്തരത്തിൽ ഒരു കോടി 80 ലക്ഷത്തോളം രൂപ ഇവർ അനധികൃതമായി വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിറങ്ങുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam