'ഇരട്ടക്കൊലപാതകത്തില്‍ പാർട്ടിക്ക് ഒരു പങ്കുമില്ല'; പീതാംബരന്‍റെ കുടുംബത്തിനെതിരെ കോടിയേരി

By Web TeamFirst Published Feb 20, 2019, 4:04 PM IST
Highlights

പീതാംബരന്‍റെ കുടുംബത്തെ തള്ളി കോടിയേരി. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞതായിരിക്കും. കേസിൽ പെട്ടതിന്‍റെ വിഷമത്തിൽ ആയിരിക്കും ഇങ്ങനെ പറഞ്ഞത്. ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് കോടിയേരി.

കൊല്ലം: കാസർകോട് ഇരട്ട കൊലപാതകക്കേസില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്‍റെ കുടുംബത്തെ തള്ളി കോടിയേരി ബാലകൃഷ്ണന്‍. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞതായിരിക്കും. കേസിൽ പെട്ടതിന്‍റെ വിഷമത്തിൽ ആയിരിക്കും ഇങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് കോടിയേരി വ്യക്തമാക്കി. 

പീതാംബരന്‍റെ കുടുംബത്തിനുണ്ടായ ധാരണയില്‍ പാർട്ടിക്ക് പങ്കില്ല. കുടുംബത്തിന്‍റെ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടുക്കണ്ടേ ആവശ്യമില്ല. കേസില്‍ പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞതെന്ന് കോടിയേരി പറഞ്ഞു. പാർട്ടി പറയാതെ പീതാംബരൻ കൊലപാതകം ചെയ്യില്ലെന്നാണ് പീതാംബരന്‍റെ ഭാര്യ മഞ്ജുവും മകൾ ദേവികയും ആരോപിച്ചത്.  പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

പീതാംബരൻ ആക്രമിക്കപ്പെട്ട സമയത്ത് നേതാക്കളെല്ലാവരും കാണാനെത്തി. ഇപ്പോൾ ഒരാളും വന്നിട്ടില്ല. പാർട്ടിക്കായി നിന്നിട്ട് ഇപ്പോൾ പീതാംബരനെ പാ‍ർട്ടി പുറത്താക്കി. നേരത്തെ പ്രദേശത്ത് ഉണ്ടായ അക്രമങ്ങളിൽ പീതാംബരൻ പാർട്ടിക്ക് വേണ്ടിയാണ് പങ്കാളിയായതെന്നും മഞ്ജു പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് പീതാംബരനെ പാർട്ടി തള്ളിപ്പറഞ്ഞതെന്ന് പീതാംബരന്‍റെ മകൾ ദേവിക കുറ്റപ്പെടുത്തി. മുഴുവൻ കുറ്റവും പാർട്ടിയുടേതാണ്. പാർട്ടിക്ക് ചീത്തപ്പേരുണ്ടാകാതിരിക്കാനാണ് തള്ളിപ്പറ‌ഞ്ഞത്. പാർട്ടിക്കുവേണ്ടി ചെയ്തിട്ട് ഒടുവിൽ ഒരാളുടെ പേരിൽ മാത്രം കുറ്റം ആക്കിയിട്ട് പാർട്ടി കയ്യൊഴിഞ്ഞെന്നും ദേവിക പറഞ്ഞു.

click me!