ഹർത്താൽ ആക്രമണം ആസൂത്രിതം, ലക്ഷ്യം ജനങ്ങൾക്കെതിരെയുള്ള കലാപം: കോടിയേരി

By Web TeamFirst Published Jan 3, 2019, 6:09 PM IST
Highlights

സ്ത്രീകൾക്ക് എതിരെയായിരുന്നു വ്യാപക ആക്രമണം. മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ബിജെപിയും ആർഎസ്എസും സ്ത്രീകളെ പേടിച്ചു തുടങ്ങിയെന്നും കോടിയേരി 

തിരുവനന്തപുരം: ഹര്‍ത്താലില്‍ സിപിഎമ്മിന്റെ 20 ഓഫിസുകൾ തകർത്തതായി സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍. ആക്രമണം നടത്താൻ കല്ലു മാത്രമല്ല ബോംബും ഉപയോഗിച്ചു. ബിജെപി സംഭവങ്ങൾ എല്ലാം ആസൂത്രിതമാണ്. ആർഎസ്എസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. 

സ്ത്രീകൾക്ക് എതിരെയായിരുന്നു വ്യാപക ആക്രമണം. മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ബിജെപിയും ആർഎസ്എസും സ്ത്രീകളെ പേടിച്ചു തുടങ്ങി. സ്ത്രീകളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും സ്ത്രീ സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റം തടയാനുമാണ് ശ്രമം നടക്കുന്നത്. ബിജെപി ഹർത്താലുകൾ ആഹ്വാനം ചെയ്യുന്നത് ആസൂത്രിതമായാണ്. ജനങ്ങൾക്കെതിരെയുള്ള കലാപമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

രണ്ടു യുവതികൾ ശബരിമലയിൽ കയറിയതോടെ ബിജെപി ഇളിഭ്യരായി. ബിജെപി ഇളക്കിവിട്ട വർഗീയ ഭ്രാന്ത് അവർക്ക് തന്നെ തിരിച്ചടിയായി. നട അടച്ച തന്ത്രിയുടെ നടപടി ഗുരുവായൂരിലടക്കം മുൻപും ഉണ്ടായിട്ടുണ്ട്. ഈ നടപടി ശരിയല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ബിജെപിയുടെ ബി ടീം ആയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സഞ്ചാര സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. പന്തളത്തുണ്ടായ സംഘര്‍ഷത്തില്‍ ഉണ്ണിത്താന്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ല. മരണ കാരണം ഹൃദയ സ്തംഭനം എന്നാണ് ആശുപത്രി രേഖയിൽ ഉള്ളത്. കൂടുതൽ കാര്യങ്ങൾ പരിശോധനയ്ക്ക് ശേഷം പറയാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 
 

click me!