സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം: പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയെന്ന് കോടിയേരി

By Web TeamFirst Published Oct 27, 2018, 2:00 PM IST
Highlights

സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. 

 

തിരുവല്ല:  സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തിന് പിന്നില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. സന്ദീപാനന്ദഗിരി സംഘപരിവാറിന്‍റെ ഹിറ്റ് ലിസ്റ്റില്‍പെട്ടയാളാണ്. മറ്റ് സംസ്ഥാനങ്ങളിലെ ആക്രമണം കേരളത്തിലും തുടങ്ങിയതിന്‍റെ തെളിവാണിതെന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

അതേസമയം, സ്വാമി സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലീസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും അവരെ കണ്ടെത്താൻ പൊലീസ് സന്നദ്ധമാകും. സംഘപരിവാറിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തിൽ സ്വീകരിയ്ക്കാം. ഇപ്പോൾ നശിപ്പിയ്ക്കപ്പെട്ടത് ആശ്രമം മാത്രമാണ്, സ്വാമിയല്ലെന്നും മുഖ്യമന്ത്രി വീട് സന്ദര്‍ശിച്ച് പറഞ്ഞിരുന്നു.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെ ഇന്നുപുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം രണ്ടുകാറുകളും ബൈക്കും തീയിട്ട് നശിപ്പിക്കുകയായിരുന്നു. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.

ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മറാനാകില്ല. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. ഭയപ്പെടുന്നില്ലെന്നും സ്വാമി പറഞ്ഞു.

click me!