പിണറായിക്കെതിരായ വധഭീഷണി: ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്ന് സിപിഎം

By Web DeskFirst Published Mar 4, 2017, 1:20 AM IST
Highlights

തിരുവനന്തപുരം: പിണറായിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് നേതാവിനെതിരെ കേരള പൊലീസ് കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഭീകരവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നാണ് കോടിയേരി ബാലകൃഷ്‌ണന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ തണലിലാണ് ഭീകരവാദം നടക്കുന്നത്. ആര്‍എസ്എസില്‍ നിന്ന് മാറ്റി നിര്‍ത്തിയാലൊന്നും പ്രശ്‌നം തീരില്ലെന്നും കോടിയേരി വ്യക്തമാക്കി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവിന്റെ പ്രസ്‌താവനയാണ് വിവാദമായത്.

ബജറ്റ് ചോര്‍ന്നിട്ടില്ല

ബജറ്റ് ചോര്‍ന്നു എന്ന് പറയുന്നത് ശരിയല്ലെന്ന് കോടിയേരി പറഞ്ഞു. പുറത്തുവന്നത് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വച്ച കുറിപ്പ്. ഇതിന്റെ ഉത്തരവാദിക്കെതിരെ ഇന്നലെ തന്നെ നടപടിയെടുത്തു. ബജറ്റ് വീണ്ടുമവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി.

മദ്യനയത്തില്‍ അവ്യക്തതയില്ല

മദ്യനയത്തില്‍ അവ്യക്തത ആര്‍ക്കുമില്ലെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളടക്കം കണക്കിലെടുത്ത് തിരുമാനമെടുക്കും. പുതിയ മദ്യനയം എല്ലാ വശങ്ങളും കണക്കിലെടുത്തായിരിക്കും രൂപികരിക്കു. ഈ മാസം തന്നെ പുതിയ മദ്യനയം രൂപീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

'എല്‍ഡിഎഫിലേക്ക് ആര്‍ക്കും വരാം'

ആര്‍എസ്‌പിയും വീരേന്ദ്രകുമാറും ശത്രുപക്ഷത്തെ മിത്രങ്ങളെന്ന് കോടിയേരി. എല്‍ഡിഎഫിലേക്ക് വരണം എന്നാഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

 

click me!