വിമാനത്താവള ലേലത്തില്‍ വന്‍ അഴിമതി, ആകാശവും കടലും കേന്ദ്രം അദാനി ഗ്രൂപ്പിന് വിറ്റുവെന്ന് കോടിയേരി

By Web TeamFirst Published Feb 26, 2019, 3:39 PM IST
Highlights

കേരളത്തിന്റെ എതിർപ്പ് കണക്കിലെടുത്തു അദാനി സ്വയം പിന്മാറണമെന്നും ഇല്ലെങ്കിൽ വിഴിഞ്ഞം നടത്തിപ്പിൽ ഇത് ബാധിക്കുമെന്നും കോടിയേരി പറഞ്ഞു. 

ഇടുക്കി: തിരുവനന്തപുരം വിമാനത്താവളം ടെൻഡറില്‍ അദാനി ഗ്രൂപ്പിന് മുൻ‌തൂക്കം കിട്ടിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി  ബാലകൃഷ്ണന്‍. കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിനായി ഒത്തുകളിച്ചുവെന്നും കോടിയേരി ആരോപിച്ചു. ലേലം പ്രഹസനമായിരുന്നു. കേരള സർക്കാറിന്‍റെ ആവശ്യങ്ങൾ പരിഗണിച്ചില്ല. ആകാശവും കടലും കേന്ദ്രം അദാനി ഗ്രൂപ്പിന് വിറ്റു. വിമാനത്താവള ലേലത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കേരളത്തിന്റെ എതിർപ്പ് കണക്കിലെടുത്തു അദാനി സ്വയം പിന്മാറണമെന്നും ഇല്ലെങ്കിൽ വിഴിഞ്ഞം നടത്തിപ്പിൽ ഇത് ബാധിക്കുമെന്നും കോടിയേരി പറഞ്ഞു. 

തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തിൽ  അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയർന്ന തുക നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരിന് കീഴിലെ കമ്പനിയായ കെഎസ്ഐഡിസിക്ക് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സ്വകാര്യവത്കരണ നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ശ്രമം.

തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, എന്നിവടങ്ങളിലെ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിന്‍റെ ഭാഗമായ ലേലത്തിലും വൻ തുക നിർദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം സ്വകാര്യവൽക്കരണം സമബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. അതേസമയം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിന് എതിരെ എൽഡിഎഫ് ശക്തമായ സമരത്തിലാണ്.

click me!