കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തെച്ചൊല്ലി പോര് മുറുകുന്നു

By Web TeamFirst Published Dec 28, 2018, 8:54 AM IST
Highlights

ജനുവരി ആറിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കൊണ്ട് ബൈപ്പാസിന്‍റെ ഉദ്ഘാടനം നടത്താൻ ബിജെപിയും ശ്രമം തുടങ്ങി. എൽഡിഎഫാണ് നിർമ്മാണം വേ​ഗത്തിലാക്കിയതെന്ന് അവകാശവാദം ഉന്നയിച്ചാണ് സിപിഎം രം​ഗത്തെത്തിയിരിക്കുന്നത്. 

കൊല്ലം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തെച്ചൊല്ലി പാർട്ടികൾക്കിടയിൽ പോര് മുറുകുന്നു. നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമെന്ന ആരോപണവുമായി കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന്‍. അതേസമയം ജനുവരി ആറിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ കൊണ്ട് ബൈപ്പാസിന്‍റെ ഉദ്ഘാടനം നടത്താൻ ബിജെപിയും ശ്രമം തുടങ്ങി. എൽഡിഎഫാണ് നിർമ്മാണം വേ​ഗത്തിലാക്കിയതെന്ന് അവകാശവാദം ഉന്നയിച്ചാണ് സിപിഎം രം​ഗത്തെത്തിയിരിക്കുന്നത്. 

നാല് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസിന്‍റെ പണി പൂര്‍ത്തിയായത്. ഇനി റോഡിലെ മാര്‍ക്കിംഗും തെരുവ് വിളക്ക് സ്ഥാപിക്കുന്ന പണികളും മാത്രമേ ശേഷിക്കുന്നുള്ളൂ. ഫെബ്രുവരി രണ്ടിന് ബൈപ്പാസ് മുഖ്യമന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ ബൈപ്പാസിന്‍റെ ഉദ്ഘാടനം നീട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്നാണ് എംപി എൻ കെ പ്രേമചന്ദ്രന്‍റെ ആരോപണം. കേന്ദ്ര സര്‍ക്കാരിനോട് പോലും ഉദ്ഘാടന തീയതി സംബന്ധിച്ച് ആലോചന നടന്നില്ല

ഉദ്ഘാടനം നേരത്തെ നടത്തണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ജനുവരി ആറിന് പത്തനംതിട്ടയില്‍ ബിജെപി സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്നുണ്ട്. അന്ന് തന്നെ പ്രധാനമന്ത്രിയെ കൊല്ലത്ത് എത്തിക്കാനാണ് ബിജെപിയുടെ നീക്കം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ബൈപ്പാസിന്‍റെ ഉദ്ഘാടന സാധ്യതകളെക്കുറിച്ച് നേരിട്ട് അന്വേഷണവും നടത്തുന്നുണ്ട്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാരാണ് മുടങ്ങിക്കിടന്നിരുന്ന ബൈപ്പാസിന്‍റെ നിര്‍മ്മാണം വേഗത്തിലാക്കിയതെന്ന പ്രസ്താവനയുമായി സിപിഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ബൈപ്പാസ് ഭാ​ഗികമായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരുന്നു. 


 

click me!