
നികുതി വെട്ടിച്ച് കടന്നതിന് പൊലീസ് പിടികൂടിയ കോഴിവണ്ടി തട്ടിയെടുത്ത് ഗുണ്ടാസംഘം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കോഴിവണ്ടി വാണിജ്യനികുതി വകുപ്പിന് കൈമാറവേ അത്യന്തം നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.
പാലക്കാട് കൊഴിഞ്ഞാമ്പാറ ചെക്ക്പോസ്റ്റില്‍ നികുതി വെട്ടിച്ച് കടന്ന കോഴിവണ്ടി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് ഇന്ന് രാവിലെയാണ്. രണ്ടര ടണ്‍ കോഴിക്ക് നികുതിയും പിഴയും അടക്കം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ അടയ്‌ക്കണമെന്ന് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നല്‍കി. എന്നാല്‍ പണം അടയ്‌ക്കാന്‍ ആരും എത്തിയില്ല. മണിക്കൂറുകള്‍ പിന്നിട്ടതോടെ കോഴികള്‍ ചത്ത് തുടങ്ങി. തുടര്‍ന്ന് വാണിജ്യനികുതി വകുപ്പ് ജീവനുള്ള കോഴികളെ ലേലം ചെയ്തു. ഇവയെ കച്ചവടക്കാരന് കൈമാറാനായി പൊലീസ് നേതൃത്വത്തില്‍ കൊണ്ടുപോകവെയാണ് അത്യന്തം നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘം വാഹനം തടഞ്ഞിട്ട് താക്കോലുമായി കടന്നു.
കോഴികള്‍ ചത്ത്വീഴുന്നതോടെ പൊലീസ് നടപടി വിവാദം ആകുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുകയും ചെയ്യുമെന്ന ലക്ഷ്യത്തിലാവണം ഈ നീക്കങ്ങളെല്ലാം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സംഘത്തിലുണ്ടായിരുന്ന ഗോവിന്ദാപുരം സ്വദേശി മദന്‍കുമാര്‍, കൊടുവായൂര്‍ സ്വദേശി കാജാ ഹുസൈന്‍ എന്നിവരെ പൊലീസ് പിടികൂടി. നികുതി വെട്ടിച്ചുള്ള കോഴികടത്ത് സ്ഥിരമായി പിടികൂടിയ കൊഴിഞ്ഞാമ്പാറ എസ്ഐ സജികുമാറിനെ സ്ഥലംമാറ്റി ഉത്തരവ് ഇറങ്ങിയെങ്കിലും ഇത് വിവാദം ആയതോടെ പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് വീണ്ടും നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam