മാഞ്ചസ്റ്റര്‍ ഭീകരാക്രമണം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു; ഒരാള്‍ അറസ്റ്റില്‍

By Web DeskFirst Published May 23, 2017, 5:11 PM IST
Highlights

ലണ്ടന്‍: ലണ്ടനിലെ മാഞ്ചസ്റ്ററിലെ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു. കുട്ടികള്‍ ഉള്‍പ്പടെ 22 പേരാണ്  അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആക്രമണം നടന്ന് പതിനാല് മണിക്കൂറിന് ശേഷമാണ് ബ്രിട്ടനെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഐഎസ് അറിയിച്ചത്. അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡേയുടെ പരിപാടിക്കെത്തിയവരെ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു മാഞ്ചസ്റ്ററിലെ ഗ്രാന്റ് അരീന. 

വേദിയിലെ ബോക്‌സ് ഓഫീസിനോട് ചേര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ ദേഹത്ത് ഘടിപ്പിച്ച് നിലയുറപ്പിച്ചിരുന്നു ചാവേര്‍. പരിപാടിക്ക് ശേഷം വേദി വിട്ടവര്‍ക്കിടയില്‍ വച്ച് പുലര്‍ച്ചെ മൂന്നു മണിയോടെ ചാവേര്‍ പൊട്ടിത്തെറിച്ചു. എട്ട് വയസ്സുകാരി ഉള്‍പ്പടെ 22 പേരാണ് തല്‍ക്ഷണം മരിച്ചത്. 59 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. 

അമേരിക്കന്‍ ഗായക സംഘം സുരക്ഷിതരാണ്.തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കും വക്താക്കള്‍ക്കുമെതിരെ ശക്തമായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്  പറഞ്ഞു.

ബ്രിട്ടനിലെ നഗരങ്ങളിലെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. 2005 ജൂലൈയില്‍ 52 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന പാര്‍ട്ടികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തി വച്ചു.

 

click me!