
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിനെ ചൊല്ലിയുള്ള കലാപം പൊട്ടിത്തെറിയിലെത്തി നിൽക്കെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. തീരുമാനം എടുത്ത നേതാക്കൾക്ക് എതിരെ കടുത്ത വിമർശനം ഉറപ്പാണെങ്കിലും താൽക്കാലിക വെടി നിർത്തലിനും സാധ്യത ഉണ്ട്. 21 അംഗങ്ങളാണ് കെപിസിസി നിര്‍വ്വാഹക സമിതിയിലുള്ളത്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസ്സനും ഒഴികെ ബാക്കി എല്ലാവര്‍ക്കും കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകിയതിൽ കടുത്ത അതൃപ്തിയുണ്ട്. പ്രതി ഉമ്മൻചാണ്ടി തന്നെ എന്ന് പൊട്ടിത്തെറിച്ചിരുന്നു പിജെ കുര്യൻ. ശക്തമായ വിയോജിപ്പ് പരസ്യമാക്കി വിഎം സുധീരനും രംഗത്തുണ്ട്. യുവനേതാക്കളും എംഎൽമാരും എന്നുവേണ്ട ഹൈക്കമാന്റിനെ പോലും അമ്പരപ്പിക്കുന്ന പ്രതിഷേധത്തിന് കാരണമായ തീരുമാനം എന്തായാലും രാഷ്ട്രീയകാര്യ സമിതിയിൽ വൻ കലാപത്തിനിടയാക്കുമെന്ന് ഉറപ്പാണ്.
അതേസമയം കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പികെ കുഞ്ഞാലിക്കുട്ടിയും എല്ലാം ചേര്‍ന്ന് ഹൈക്കമാന്റിനെ കൂടി ബോദ്ധ്യപ്പെടുത്തിയെടുത്ത തീരുമാനത്തിൽ ഉമ്മൻചാണ്ടിയെ മാത്രം പ്രതിക്കൂട്ടിൽ നിര്‍ത്തുന്നതിൽ എ ഗ്രൂപ്പിന് അതൃപ്തിയുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിഫലിക്കും .ഹൈക്കമാൻഡ് അംഗീകരിച്ചതിനാൽ തീരുമാനം മാറ്റാൻ ആകില്ല.
അത് കൊണ്ട് തന്നെ യോഗത്തിലെ വിമര്‍ശനത്തോടെ വിഴുപ്പലക്കലിന് താൽക്കാലിക ശമനം ഉണ്ടാകാം. എന്നാൽ ഇനിയും മൂന്നു നേതാക്കൾ മാത്രം തീരുമാനം എടുക്കുന്ന രീതി മാറ്റാൻ ഹൈക്കമാൻഡ് ഇടപെടലിനായി വിമര്‍ശകരുടെ ശ്രമം തുടരും. മൂന്നു മണിക്കാണ് യോഗം. നാല് മണിക്ക് വിജയവാഡക്ക് തിരിക്കുന്ന ഉമ്മൻചാണ്ടി യോഗത്തിനെത്തിയേക്കില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam