ഇറാനിൽ അമേരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നടപടി ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം ന്യായീകരിച്ചു. ഈ ആക്രമണം പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്
വാഷിംഗ്ടൺ: ഇറാനിൽ നടത്തിയ ആക്രമണം അമേരിക്ക-ഇസ്രയേൽ സംയുക്ത നീക്കമെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാനിൽ അമേരിക്കൻ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം ആരംഭിച്ചെന്നും ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്. അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കമെന്ന് ട്രംപ് ന്യായീകരിച്ചു. ആക്രമണം അനിവാര്യമായിരുന്നുവെന്നും യു എസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. ഇറാനെതിരായ ഇസ്രയേൽ - അമേരിക്കൻ സംയുക്ത സൈനിക നടപടി പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇസ്രയേലിൽ നിന്നാണ് ഇറാനിലേക്ക് വ്യോമാക്രമണം നടത്തിയത്. ഇതോടെ വലിയ തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലും സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളോടാണ് ഇസ്രയേൽ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ്രയേലാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അമേരിക്കയുടെ ശക്തമായ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളാണ് നടന്നത്. നഗരത്തിൽ പലയിടത്തും മിസൈലുകൾ പതിച്ചു. ആയത്തുള്ള അലി ഖമനയിയുടെ ഓഫീസുകൾക്ക് സമീപവും ആക്രമണമുണ്ടായി. ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി. മുൻകരുതൽ ആക്രമണമെന്നാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യോമമേഖല അടച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആളുകൾക്ക് നിർദേശം
ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരില്ലെന്നും ഇറാൻ
ടെഹ്റാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ആക്രമണത്തിനുള്ള തിരിച്ചടി കടുത്തതാകുമെന്ന് ഇറാൻ പ്രതികരിച്ചു. ആക്രമണങ്ങളിൽ ഭയമില്ലെന്നും തളരുകയും ഇല്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിൽ ഇറാൻ വ്യക്തമാക്കി. ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിൽ ആയിരിക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.



