
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നാളെ മുസ്ലീം ലീഗുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായാണ് മുല്ലപ്പള്ളി ചർച്ച നടത്തുക.
മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റുകൂടി വേണമന്നാണ് ലീഗിന്‍റെ ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. എന്നാൽ ലീഗടക്കമുള്ള ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് ഒരു തരത്തിലും വഴങ്ങേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് തിരുവനന്തപുരത്ത് യുഡിഎഫ് സർവകക്ഷിയോഗം ചേർന്നിരുന്നു. തൽക്കാലം പരസ്യമായി തമ്മിലടി വേണ്ടെന്നും ഉഭയകക്ഷിയോഗങ്ങൾ ഈ മാസം 10 മുതൽ തുടങ്ങാമെന്നുമാണ് യോഗത്തിൽ തീരുമാനമായത്.
മൂന്നാം സീറ്റ് ചോദിച്ച ലീഗിനെ പരോക്ഷമായി വിമർശിച്ച വി എം സുധീരനെതിരെ യോഗശേഷം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദും വിമർശിച്ചിരുന്നു. സഖ്യകക്ഷികൾ തമ്മിൽ സീറ്റ് സംബന്ധിച്ച് സംസാരിക്കുമ്പോൾ മറ്റ് കക്ഷികൾക്ക് അതിലെന്താണ് കാര്യമെന്നാണ് മജീദ് ചോദിച്ചത്.
Read More: പരസ്യമായി തമ്മിലടിക്കേണ്ട; യുഡിഎഫ് യോഗത്തില്‍ ധാരണയായി, ഉഭയകക്ഷി ചര്‍ച്ച ഈ മാസം 10 മുതല്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam