
പെരുന്ന: മന്നത്ത് പത്മനാഭനെ നവോത്ഥാനനായകനാക്കി സർക്കാർ ഉയർത്തിക്കാണിക്കുന്നത് പൊള്ളത്തരമാണെന്ന് എൻഎസ്എസ്. മന്നത്ത് പത്മനാഭന്‍റെ ജൻമദിനമായ ജനുവരി രണ്ട് യു.ഡി.എഫ് സർക്കാർ പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ്സ് നിയമപ്രകാരമുള്ള അവധി കൂടിയാക്കണമെന്ന സമുദായത്തിന്‍റെ വൈകാരികമായ ആവശ്യത്തെ ഇടതുസർക്കാർ നിരസിക്കുകയാണ് ചെയ്തതെന്നും എൻഎസ്എസ് മുഖപത്രമായ 'സർവീസസ്' വിമർശിക്കുന്നു.
കാലാകാലങ്ങളിൽ അവസരവാദത്തിലൂടെ അനധികൃതമായി എൻഎസ്എസ് നേട്ടമുണ്ടാക്കിയശേഷം ചുവടുമാറ്റി ചവിട്ടുന്നുവെന്ന ചിലരുടെ വാദം ശരിയല്ലെന്നും മുഖപത്രത്തിലെ മുഖപ്രസംഗത്തിൽ പറയുന്നുണ്ട്. ശബരിമല സ്ത്രീപ്രവേശത്തെച്ചൊല്ലി എൻഎസ്എസ് സർക്കാരിനോട് ഇടഞ്ഞതിന് പിന്നാലെയാണ് പുതിയ വിമർശനം.
സംസ്ഥാനസർക്കാരിനെ പൂർണമായും തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുമാണ് വർഷങ്ങൾക്ക് ശേഷം പെരുന്നയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താസമ്മേളനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്.
മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാർഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സർക്കാരിൽ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങൾ സംരക്ഷിക്കണം. അതിനായി എൻഎസ്എസ് വേണ്ടതെല്ലാം ചെയ്യും. - അന്ന് സുകുമാരൻ നായർ പറഞ്ഞു.
എന്നാൽ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയാലൊന്നും നിലപാടിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് സുകുമാരൻ നായർക്കുള്ള പരോക്ഷമറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു.
Read More: കണ്ണുരുട്ടലും ഭീഷണിയും വേണ്ട, കണ്ട് ഭയപ്പെടില്ല: എൻഎസ്എസ്സിന് മുഖ്യമന്ത്രിയുടെ മറുപടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam