
കോട്ടയം: അട്ടപ്പാടിയില്‍ മോഷ്ടാവെന്നാരോപിച്ച് ജനക്കൂട്ടം ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി കെ. ആര്‍ മീര. അടുത്ത തവണ പുറപ്പെടുപ്പാള്‍ കൂടുതല്‍ പേരെ കൂട്ടി അയാളെ കൊന്ന് തിന്നണമെന്ന് കെ.ആര്‍ മീര. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് എഴുത്തുകാരിയുടെ പ്രതികരണം.
കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം.
ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.
വാതില്‍ക്കല്‍ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.
പേടിച്ചരണ്ട് പുറത്തു ചാടുമ്പോള്‍ കെണി വച്ചു പിടിക്കണം.
തല കീഴായ് കെട്ടിത്തൂക്കണം.
വലിയ ചെമ്പില്‍ വെള്ളം നിറയ്ക്കണം.
അടിയില്‍ തീ കൂട്ടണം.
ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.
ആ കെട്ടിലെ ബീഡി വലിച്ച് കാത്തിരിക്കണം.
എല്ലും തോലും കളയുമ്പോള്‍ ബാക്കിയാകുന്ന ഒരു പിടി
വേവു പാകമാകുമ്പോള്‍
ആക്രാന്തവും വാക്കുതര്‍ക്കവുമില്ലാതെ
ഒരുമയോടെ പങ്കിട്ടു തിന്നണം.
നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച
പളുങ്കു കണ്ണുകള്‍ എനിക്ക്.
വാക്കുകള്‍ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.
കരിഞ്ഞ പാമ്പു പോലെ കറുത്തുണങ്ങിയ കുടല്‍ ലവന്.
ആരും കോര്‍ത്തുപിടിച്ചിട്ടില്ലാത്ത വിരലുകള്‍ ഇവന്.
ആരും തലോടിയിട്ടില്ലാത്ത പാദങ്ങള്‍ മറ്റവന്.
ചങ്കു പണ്ടേ ദ്രവിച്ചുപോയി.
ശ്വാസകോശങ്ങള്‍ അലുത്തുപോയി.
പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ
വെളു വെളുത്ത തലച്ചോര്‍ സ്വയമ്പനാണ്.
ഉപ്പും മുളകും ചേര്‍ക്കേണ്ടതില്ല.
ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവര്‍പ്പാണ്.
കാടിന്റെയും കണ്ണീരിന്റെയും എരിവുള്ള കവര്‍പ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam