
കാസർകോട്: സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചിരുന്നയാളായിരുന്നു പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ. പെയിന്‍റുപണിക്കാരനാണ്. 'ചെറുപ്പത്തിൽ സിപിഎമ്മിന് വേണ്ടി നിരവധി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാർക്സിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യാൻ പോകും, എല്ലാ തെരഞ്ഞെടുപ്പിനും.' തൊണ്ടയിടറി കൃപേഷിന്‍റെ അച്ഛൻ പറയുന്നു.
ആ 250 രൂപയുടെ ചെലവ് വലിയ കണക്ക് തന്നെയാണ് കൃപേഷിന്‍റെ കുടുംബത്തിന്. സ്വന്തമായുള്ളത് ഒരു തുണ്ട് ഭൂമിയാണ്. നാല് കമ്പിൽ ചാരി വച്ച, ഓല കൊണ്ട് ചുമരടക്കം മേഞ്ഞ ചെറിയ പുരയിലാണ് താമസം. കൃഷ്ണനും ഭാര്യയ്ക്കും ഒറ്റ മകനേയുള്ളൂ. ആ പതിനെട്ടുകാരനെയാണ് ഒറ്റവെട്ടിൽ തലച്ചോർ പിളർന്ന് കൊന്നുകളഞ്ഞത്!
ഒറ്റമുറിയും അടുക്കളയുമുള്ള വീട്ടിൽ കൃപേഷ് പോയതറിഞ്ഞപ്പോൾ മുതൽ തളർന്നു കിടക്കുകയാണ് അമ്മ. ഓരോരുത്തരും കാണാനെത്തുമ്പോൾ ഈ വീട്ടിൽ നെഞ്ചുപൊട്ടുന്ന നിലവിളിയുയരും. ഈ വീടിന്‍റെ മുന്നോട്ടുള്ള ജീവിതമാണ് പൊടുന്നനെ നിന്നുപോയത്. ചാരിവയ്ക്കാൻ ഉറപ്പുള്ള ഒരു വാതിൽ പോലുമില്ലാത്ത വീട്ടിൽ, താർപ്പായ കട്ടിലിൽ ചാഞ്ഞ് കിടക്കുകയായിരുന്നു കൃപേഷിന്‍റെ അച്ഛൻ കൃഷ്ണൻ.
തൊട്ടടുത്ത് പ്രശ്നമുണ്ടെന്നും കൃപേഷ് എന്നൊരു പയ്യന് കുത്തേറ്റുവെന്നും കേട്ടപ്പോ ആദ്യമത് വിശ്വസിച്ചില്ലെന്ന് പറയുന്നു കൃഷ്ണൻ. 21- വയസ്സുകാരനായ പയ്യനാണ് മരിച്ചതെന്നാണ് ആദ്യം കേട്ടത്. പിന്നെയാണ് അത് കൃപേഷ് തന്നെയാണെന്ന് മനസ്സിലായത്. ''എനിക്കറിയാലോ ഇവിടത്തെ കുഞ്ഞൻമാരെയെല്ലാം. ആരൊക്കെയാ ഇവിടെയുള്ളതെന്ന് എനിക്കറിയാലോ.'', എന്ന് കൃഷ്ണൻ.
പണ്ട്, കോൺഗ്രസിൽ ചേർന്നതിന്‍റെ പേരിൽ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് മകൻ വന്ന് പറയാറുള്ളത് ഓർക്കുന്നു കൃഷ്ണൻ. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണ് പെരിയയും കല്യോട്ടും. പക്ഷേ, ഒരു പാർട്ടിയോട് അനുഭാവമുണ്ടെന്ന് പറയാൻ ആരെയും പേടിക്കണ്ട എന്നാണ് സിപിഎം അനുഭാവിയായ കൃഷ്ണൻ മകനോട് പറഞ്ഞത്. 'നിനക്ക് നിന്‍റെ പാർട്ടി, എനിക്ക് എന്‍റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്നമുണ്ടാക്കാൻ പോകരുത്.' എന്നാണ് കൃഷ്ണൻ കൃപേഷിനോട് പറഞ്ഞത്.
''പിന്നെ, പോളി ടെക്നിക്കിൽ വച്ച് ഒരിക്കൽ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളേജിൽ കയറി എസ്എഫ്ഐക്കാർ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു, പ്രശ്നമുണ്ടാക്കില്ല എന്ന് ഉറപ്പ് തന്നാൽ മാത്രം നീ ഇനി കോളേജിൽ പോയാൽ മതി, എന്ന്. അവൻ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അങ്ങനെ അവന്‍റെ പഠിത്തം മുടങ്ങി.'' കൃഷ്ണൻ പറയുന്നു.
''ഈയടുത്ത് ഇവിടെ ഒരു ക്ലബ് കത്തിച്ചു, സിപിഎമ്മുകാര്. അതറിഞ്ഞ് വീട്ടിൽ നിന്ന് അവൻ ഇറങ്ങിയപ്പോ ഞാൻ പറഞ്ഞു, ഇവിടന്ന് ഇതിന്‍റെ പേരിൽ ഇറങ്ങുകയാണെങ്കിൽ നീയിനി ഇവിടേക്ക് തിരിച്ചു കയറണ്ടെന്ന്. അവനങ്ങനെ പോയില്ല. പിന്നെ, ഇവിടെ ക്ലബ് കത്തിച്ചതിന്‍റെ പേരിൽ ഹർത്താൽ പ്രഖ്യാപിച്ചു. അന്ന് കടകൾ അടപ്പിക്കാൻ ഇവനും കൂടെയുണ്ടായിരുന്നു. അന്ന് സിപിഎം അനുകൂലിയായ വത്സൻ എന്നയാൾ, നിന്നെ ഞാൻ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു. അവനത് എന്നോടും പറഞ്ഞിരുന്നു.'' എന്ന് കൃഷ്ണൻ.
അന്ന് തന്നെ കൃഷ്ണൻ കൃപേഷിനോട് ഇനി സൂക്ഷിച്ച് നടക്കണമെന്ന് പറഞ്ഞു. അവര് കൊല്ലുമെന്ന് പറഞ്ഞാൽ അത് ചെയ്യുമെന്ന് അറിയാമായിരുന്നു. അവർ തന്നെ ഗൂഢാലോചന നടത്തിയാണ് കൊന്നത്. തൊണ്ടയിടറിക്കൊണ്ട് കൃഷ്ണൻ പറയുന്നു. കൊന്നതിന് പിന്നിലാരൊക്കെ എന്ന് എണ്ണിപ്പറയുന്നുണ്ട് ഈ അച്ഛൻ. പാർട്ടി പ്രാദേശിക നേതൃത്വം അറിഞ്ഞു തന്നെയാണ് കൊലപാതകം എന്നതിന് സംശയമില്ല ഈ കുടുംബത്തിന്.
എന്നാൽ ഇടതുമുന്നണിയുടെ കേരളരക്ഷാ യാത്ര കടന്നുപോയ അന്ന് തന്നെ കാസർകോട്ടുണ്ടായ ഈ കൊലപാതകത്തിൽ വ്യക്തമായ ഒരു ഉത്തരം പറയാതെ മാധ്യമങ്ങളിൽ നിന്ന് മാറി നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാകൃതമായ കൊലപാതകമെന്നും കൊലയാളികളെ സംരക്ഷിക്കില്ലെന്നും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോഴും, ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം ഓർക്കുക, ആ കൊലയാളികൾ ഇന്ന് എവിടെയെന്നും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam