
തഞ്ചാവൂര്‍: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടില്‍ വെളിച്ചമെത്തിക്കാന്‍ മുന്നിട്ടിറങ്ങി കെഎസ്ഇബി ഉദ്യോഗസ്ഥർ. 400ല്‍ അധികം വരുന്ന കെഎസ്ഇബി ജീവനക്കാരാണ് തകരാറിലായ വൈദ്യുതി ബന്ധം പരിഹരിക്കാൻ തമിഴ്നാട്ടിലെത്തിയത്. തമിഴ്നാട് സര്‍ക്കാരിന്‍റെ ആവശ്യപ്രകാരമാണ് കെഎസ്ഇബി ജീവനക്കാര്‍ തഞ്ചാവൂരില്‍ എത്തിയത്.
ഗജ ചുഴലിക്കാറ്റ് പിഴുതെറിഞ്ഞ വടക്കന്‍ തമിഴ്നാട്ടിലെ വൈദ്യുതി പോസ്റ്റുകളില്‍ അമ്പത് ശതമാനവും ഇവര്‍ പുനസ്ഥാപിച്ച് കഴിഞ്ഞു. നാഗപട്ടണത്തെ രണ്ട് പട്ടണങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും കെഎസ്ഇബി സംഘം പുനസ്ഥാപിച്ചു. തമിഴ്നാട് വൈദ്യുതി വകുപ്പുമായി കൈകോര്‍ത്താണ് പ്രവര്‍ത്തനം.
കരാര്‍ തൊഴിലാളികള്‍ മുതല്‍ അസിസ്റ്റന്‍റ് എന്‍ഞ്ചിനീയര്‍മാര്‍ വരെ സംഘത്തിലുണ്ട്. ദുരന്തമേഖലയില്‍ ജോലിചെയ്യാന്‍ സ്വമേധയാ താത്പര്യപ്പെട്ട് സംഘമായി തിരിഞ്ഞാണ് ഇവര്‍ എത്തിയത്. വൈദ്യുതി തൂണുകളുടെ ലഭ്യതക്കുറവും മഴ തുടരുന്നതുമാണ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള വെല്ലുവിളി.
ഒരു ലക്ഷത്തോളം വൈദ്യുതി തൂണുകളും ആയിരത്തോളം ട്രാന്‍സ്ഫോമറുകളും 4000 കിലോമീറ്ററോളം വൈദ്യുതി ലൈനുകളും കാറ്റില്‍ നശിച്ചിരുന്നു. വൈദ്യുതി വകുപ്പിന്‍റെ അറ്റകുറ്റപണിക്ക് മാത്രം ഏഴായിരം കോടി രൂപയാണ് കേന്ദ്രത്തോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam